ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളില്‍ ഏറ്റവും സുരക്ഷിതമായ കാര്‍ എന്ന വിശേഷണം ഇനി മഹീന്ദ്രയുടെ എക്സ്യുവി 300ന് സ്വന്തം. 2020 ജനുവരിയില്‍ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര്‍മ്മിത കാറുകളില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് എക്സ്യുവി 300 സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ ‘സേഫര്‍ ചോയ്സ്’ പുരസ്കാരവും കരസ്ഥമാക്കിയാണ് മഹീന്ദ്ര കരുത്ത് തെളിയിച്ചിരിക്കുന്നത്.
2018ലാണ് ഗ്ലോബല്‍ എന്‍സിപി ‘സേഫര്‍ ചോയ്സ്’ പുരസ്കാരം ആദ്യമായി ഏര്‍പ്പെടുത്തുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും ആഘാതങ്ങളെ അതിജീവിക്കാനുള്ള ശേഷിയും പാലിക്കുന്ന കാറുകള്‍ക്കാണ് ഈ പുരസ്കാരം സമ്മാനിക്കുക. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കാറായി എക്സ്യുവി 300 മാറിയിരിക്കുകയാണ്. മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സുരക്ഷക്കായി കുറഞ്ഞത് 4 സ്റ്റാര്‍ റേറ്റിംഗും നേടുന്ന കാറുകളാണ് ‘സേഫര്‍ ചോയ്സ്’ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്.
അടുത്തിടെ നടന്ന ഗ്ലോബല്‍ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ മഹീന്ദ്ര 5 സ്റ്റാര്‍ നേട്ടം സ്വന്തമാക്കിയിരുന്നു. പട്ടികയില്‍ ടാറ്റക്കൊപ്പം സ്ഥാനം പിടിച്ചതിന് പുറമെ സുരക്ഷയുടെ കാര്യത്തിലും മഹീന്ദ്ര ടാറ്റയെ മറികടന്നു. ക്രാഷ് ടെസ്റ്റില്‍ നെക്സോണിനേക്കാളും അള്ട്രോസിനേക്കാളും മികച്ച പ്രകടനമാണ് എക്സ്യുവി 300 കാഴ്ചവെച്ചത്. കുട്ടികളുടെ സുരക്ഷയില്‍ 4 സ്റ്റാറുകളും സ്വന്തമാക്കിയ എക്സ്യുവി 300 ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍ ഇതുവരെ സ്വന്തമാക്കാത്ത നേട്ടമാണ് കൈവരിച്ചത്.