ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ നിര്‍മ്മിത വാഹനം അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോ. ട്രൈബര്‍ എംപിവി 7 സീറ്റര്‍ മോഡല്‍ ദക്ഷിണാഫ്രിക്കയില്‍
പുറത്തിറക്കിയതായി റെനോ അറിയിച്ചു. ക്വിഡിന് തൊട്ടുപിന്നാലെ പുറത്തിറക്കിയ റെനോയുടെ ഏറ്റവും വിജയകരമായ മോഡലുകളില്‍ ഒന്നാണ് ട്രൈബര്‍.
ഇതിനോടകം തന്നെ ട്രൈബറിന്റെ 28,000 യൂണിറ്റുകള്‍ കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ 4.99 ലക്ഷം രൂപ എക്സ്-ഷോറൂം വില മുതല്‍ ആരംഭിക്കുന്ന വാഹനം വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ തന്നെ മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഉദ്ദേശ്യം കമ്പനി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ ട്രൈബറിന്റെ 600 യൂണിറ്റുകള്‍ റെനോ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചിരുന്നു.
പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, ഇലക്ട്രിക് ബൂട്ട് റിലീസ്, ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്മാര്‍ട്ട് ലുക്കിംഗ് വീലുകള്‍, ഫംഗ്ഷണല്‍ റൂഫ് റെയിലുകള്‍ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. സ്പീഡ് അലേര്‍ട്ട്, ഡ്രൈവര്‍ക്കും പാസഞ്ചര്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് എന്നിങ്ങനെയുള്ള സുരക്ഷ സംവിധാനങ്ങളും ട്രൈബറിലുണ്ട്.