ഏത് തരം ഡ്രോണിനേയും കണ്ടെത്തും, കൃത്യമായി നശിപ്പിക്കും; ആന്റി ഡ്രോണ്‍ സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഡിആര്‍ഡിഒ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ രംഗത്ത് പുത്തന്‍ കണ്ടുപിടുത്തവുമായി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ). തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍ വിരുദ്ധ സംവിധാനത്തിന്റെ (ആന്റി ഡ്രോണ്‍ സിസ്റ്റം) പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കെതിരെ പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരവാദ സംഘടനകള്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് ഇതിനെ പ്രതിരോധിക്കാനായുള്ള പുതിയ സംവിധാനം ഡിആര്‍ഡിഒ വികസിപ്പിച്ചിരിക്കുന്നത്.

ആന്റി ഡ്രോണ്‍ സിസ്റ്റത്തിന്റെ പരീക്ഷണ വേളയില്‍ ഡ്രോണുകളെ ഇവ കൃത്യമായി കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തിലുള്ള ഡ്രോണുകളെ കണ്ടെത്തുന്നതിനു പുറമെ ഡ്രോണുകളെ കൃത്യമായി നശിപ്പിക്കാനും പുതിയ സിസ്റ്റത്തിനു കഴിയും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ സുരക്ഷയ്‌ക്കായി പുതിയ സംവിധാനത്തെ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഭീകരവാദികള്‍ ആക്രമണത്തിനായി ഡ്രോണുകളെ ഉപയോഗിക്കാന്‍ ആരംഭിച്ചതോടെ വ്യോമസേന, കരസേന, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, വിവിഐപി സുരക്ഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവരുള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികള്‍ ആന്റി ഡ്രോണ്‍ സംവിധാനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു. 3-4 കിലോഗ്രാം ഭാരം വഹിക്കാനും വളരെ താഴ്ന്ന് പറക്കാനും കഴിയുന്ന ഡ്രോണുകള്‍ ഉപയോഗിച്ച് ചെറിയ ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യയിലേക്ക് കടത്തിയ സംഭവങ്ങള്‍ വരെ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share