ന്യൂഡല്‍ഹി: അടുത്ത മാസം ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ XI – വേള്‍ഡ് XI ട്വന്റി20 പോരാട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് നാല് കളിക്കാര്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഏഷന്‍ XIന് വേണ്ടി പാഡണിയുമെന്നാണ് ബിസിസിഐയുടെ അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഇന്ത്യയില്‍ നിന്നുള്ള കളിക്കാരുടെ പട്ടിക ബിസിസിഐ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് കൈമാറിയിട്ടുണ്ട്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. അതിനാല്‍ തന്നെ മറ്റ് താരങ്ങളെ സംബന്ധിച്ചുള്ള തീരുമാനമെടുക്കുന്നതിനായി ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ പട്ടിക തയ്യാറാക്കി നല്‍കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് നാല് കളിക്കാരാണ് ഇന്ത്യയില്‍ നിന്നും ഉണ്ടാകുകയെന്ന് ബിസിസിഐ അറിയിച്ചത്.
ഓപ്പണര്‍ ശിഖര്‍ ധവാന്‍, നായകന്‍ വിരാട് കോഹ്‌ലി, പേസര്‍ മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരുടെ പേരുകളാണ് ഇന്ത്യ കൈമാറിയതെന്നാണ് വിവരം. മാര്‍ച്ച് 18, 21 തീയതികളിലായിരിക്കും ഏഷ്യന്‍ XIനും വേള്‍ഡ് XIനും തമ്മിലുള്ള പോരാട്ടം നടക്കുക. മത്സരത്തില്‍ പാകിസ്താന്‍ താരങ്ങളുണ്ടായിരിക്കില്ല. ബംഗ്ലാദേശിന്റെ രാഷ്‌ട്രപിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100ാം പിറന്നാള്‍ വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്.















