വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലാണ്. അജിങ്ക്യ രഹാനെ (25), ഹനുമ വിഹാരി (15) എന്നിവരാണ് ക്രീസില്‍.
ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് മൂന്നാം ദിനം 348 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 189 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കീവീസ് രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. മയങ്ക് അഗര്‍വാള്‍ അര്‍ധ സെഞ്ച്വറി (58) നേടിയത് ഒഴിച്ചാല്‍ മറ്റുള്ളവരാരും ഭേദപ്പെട്ട പ്രകടനം പോലും കാഴ്ചവെച്ചില്ല.
ഓപ്പണര്‍ പൃഥ്വി ഷാ(14) വീണ്ടും നിരാശപ്പെടുത്തി. ചേതേശ്വര്‍ പൂജാര ചെറുത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും 81 പന്തില്‍ 11 റണ്‍സുമായി മടങ്ങുകയായിരുന്നു. ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ മോശം ഫോം തുടരുകയാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായി. 19 റണ്‍സെടുത്ത് കോഹ്‌ലി മടങ്ങിയപ്പോള്‍ രഹാനെയും വിഹാരിയുമാണ് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്നത്.















