തുടർച്ചയായി മോശം പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയ്ക്ക് വീണ്ടും തിരിച്ചടി. ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനമാണ് കോഹ് ലിയ്ക്ക് നഷ്ടമായത്. കോഹ് ലിയെ പിന്നിലാക്കി ഓസിസ് വെടിക്കെട്ട് ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
കഴിഞ്ഞ 20 ഇന്നിംഗ്സുകളിലൊന്നിൽ പോലും ഇന്ത്യൻ നായകന് സെഞ്ച്വറി സ്വന്തമാക്കാനായിട്ടില്ല. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ നേടിയ 139 റണ്‍സാണ് അവസാനമായി വിരാടിന്റെ മികച്ച സ്കോര്‍. തുടര്‍ന്ന് കളിച്ച 19 ഇന്നിംഗ്സുകളിൽ ഒന്നിൽ പോലും മൂന്നക്കം കടക്കാനായിട്ടില്ല. ആകെ 3 തവണയാണ് 50 റണ്‍സ് കടന്നത്. ഒപ്പം ന്യൂസിലന്റിലെത്തിയ ശേഷം മൂന്ന് ഫോര്‍മാറ്റിലുമായി വിരാട് ആകെ നേടിയത് ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രമാണ്.
അഞ്ചു പോയിന്റിന്റെ നേരിയ ലീഡുമായാണ് സ്മിത്ത് തലപ്പത്ത് നില്‍ക്കുന്നത്. സ്മിത്തിന് 911 പോയിന്റും കോഹ് ലിയ്ക്ക് 906 പോയിന്റുമാണുള്ളത്. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ബാറ്റ്സ്മാന്മാരില് ആദ്യ പത്തിനുള്ളില്‍ ഇടംപിടിച്ചു. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവര്‍ എട്ടും ഒമ്പതും സ്ഥാനങ്ങളിലും മായങ്ക് പത്താം സ്ഥാനത്തുമാണുള്ളത്.















