ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിനെ ഓസിസ് ഓപ്പണർ ഡെവിഡ് വാർണർ നയിക്കും. ഇതി സംബന്ധിച്ച് ക്ലബ് ഔദ്യോഗിക പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ന്യൂസിലൻഡ് നായകൻ വെയ്ൻ വില്യം സണെ മറികടന്നാണ് വാർണറിനെ നായകനാക്കിയത്.
നേരത്തെ വാർണർ തന്നെയായിരുന്നു സൺ റൈസേഴ്സിന്റെ നായകൻ. എന്നാൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിട്ടതോടെയാണ് വാർണറെ നായക സ്ഥാനത്തുനിന്ന് മാറ്റിയത്. ഇതിന് പകരമായാണ് കഴിഞ്ഞ സീസണിൽ വില്യംസണെ നായകനാക്കിയത്. എന്നാൽ വിലക്ക് മാറി തിരിച്ചത്തിയ വാർണർ ഓസിസിന് വേണ്ടി വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവെക്കുന്നത്. ഇതിനെ തുടർന്നാണ് അദ്ദേഹത്തെ നായകനാക്കാൻ മാനേജ്മെന്റ് തീരുമാനിചച്ചത്.
2015 മുതൽ 2017 വരെയുള്ള കാലയളവിൽ ടീമിനെ നയിച്ച വാർണർ 2016 ൽ സൺ റൈസേഴിസിനെ ചാമ്പ്യൻമാരാക്കിയിരുന്നു. പിന്നീടാണ് പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്നത്. തുടർന്ന് നായകനായ വില്യം സണും ടീമിനെ മികച്ച രീതിയിൽ നയിച്ചു. 2018 സീസണിൽ ഫൈനലിൽ കയറിയ ടീം ചെന്നൈയോട് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്തെത്തിയ സൺ റൈസേഴ്സ് പ്ലേയോഫിൽ ഡൽഹിയോട് പരാജയപ്പെട്ട് പുറത്താകുകയായിരുന്നു.















