ലണ്ടന്‍: യൂറോപ്പ ലീഗില്‍ നിന്ന് ആഴ്സണല്‍ പുറത്ത്. ഒളിംപിയാക്കോസിനോട് എവേ ഗോള്‍ വഴങ്ങിയതോടെയാണ് ആഴ്സണല്‍ പുറത്തായത്. ആദ്യ പാദത്തില്‍ 1 ഗോള്‍ ജയവുമായി സ്വന്തം മൈതാനത്ത് കളിക്കാന്‍ ഇറങ്ങിയ ആഴ്സണലിനെ അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ 2-1 നു തോല്‍പ്പിച്ചാണ് ഗ്രീക്ക് ടീം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
മികച്ച ടീമുമായി ഇറങ്ങിയ ആഴ്‌സണല്‍ തുടക്കം മുതല്‍ തന്നെ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. ഇത് മുതലാക്കിയ ഒളിംപിയാക്കോസ് മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. 53ാം മിനിട്ടില്‍ പപെ അബൗ സിസ്സെയും 119ാം മിനിട്ടില്‍ യൂസെഫ് എല്‍-അറബിയും നേടിയ ഗോളുകളാണ് ഒളിംപിയാക്കോസിന് പ്രീ ക്വാര്‍ട്ടറിലേക്ക് വഴിയൊരുക്കിയത്.
അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുറോപ്പ ലീഗിന്റെ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ബെല്‍ജിയന്‍ ക്ലബായ ബ്രൂഷെയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. ആദ്യ പാദത്തില്‍ ഇരു ക്ലബുകളും 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു. ജയത്തോടെ 6-1ന്റെ അഗ്രിഗേറ്റ് വിജയം യുണൈറ്റഡ് സ്വന്തമാക്കി. ബ്രൂണോ ഫെര്‍ണാണ്ടസ്(27), ഒടിയോന്‍ ഇഗാലൊ(34), സ്‌കോട്ട് മക്ടോമിനെ(41), ഫ്രെഡ്(82, 90+3) എന്നിവരാണ് യുണൈറ്റഡിന്റെ വിജയശില്‍പ്പികള്‍.
മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാന്‍ റാസ്ഗാര്‍ഡിന് എതിരെ 2-1 നു വിജയിച്ചു. 26-ാം മിനിറ്റില്‍ ഒളിവേരോ സോസയുടെ ഗോളില്‍ പിറകില്‍ പോയ ശേഷം തിരിച്ചു വന്നായിരുന്നു ഇന്റര്‍ മിലാന്റെ ജയം. 31-ാം മിനിറ്റില്‍ തന്നെ എറിക്‌സന്റെ പാസില്‍ ബിരാഗി ഇന്ററിന് സമനില സമ്മാനിച്ചു. തുടര്‍ന്ന് ആദ്യ പകുതിയുടെ അവസാന നിമിഷം ലുക്കാക്കു ഇന്ററിന് വിജയഗോള്‍ നേടിക്കൊടുത്തു.















