ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ ദേശീയ വനിതാക്കമ്മീഷന് അദ്ധ്യക്ഷ രേഖ ശര്‍മ സന്ദര്‍ശിച്ചു. ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷയ്ക്കൊപ്പം രണ്ട് അംഗങ്ങളും കലാപം പൊട്ടിപ്പുറപ്പെട്ട ജാഫ്രാബാദ് സന്ദര്‍ശിച്ചു.കലാപബാധിത പ്രദേശത്തെ സ്ത്രീകളുമായി രേഖാശര്‍മ്മ സംസാരിച്ചു.
കലാപങ്ങള്‍ക്കിടെ സ്ത്രീകള്‍ക്ക് എതിരെ അതിക്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനായിരുന്നു വനിതാക്കമ്മീഷന്റെ സന്ദര്‍ശനം.കലാപ പ്രദേശങ്ങള്‍ പതുക്കെ സാധാരണ സ്ഥിതിയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സന്ദര്‍ശനം നാളെയും തുടരും.
ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. കലാപവുമായി ബന്ധപെട്ട് 514 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നു എന്നാണ് അഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.കലാപ ബാധിത മേഖലയില്‍ കര്‍ഫ്യുവില്‍ 10 മണിക്കൂര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
കലാപവുമായി ബന്ധപെട്ട് 46 എഫ്ഐആറുകള്‍ ഡല്‍ഹി പോലീസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കൂടുതല്‍ അന്വേഷണം നടത്തുകയും ആവശ്യമാണെങ്കില്‍ കൂടുതല്‍ എഫ്ഐആറുകള്‍ രെജിസ്റ്റര്‍ ചെയ്യുമെന്നും കൂടുതല്‍ പേരെ അറെസ്റ്റ് ചെയ്യുമെന്നും പോലീസ് പറയുന്നു.കലാപത്തില്‍ അന്വേഷണം നടത്തുന്നതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.