ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഔദ്യോഗിക പരിശീലന ക്യാമ്പിന് ബംഗളൂരുവില്‍ തുടക്കമായി. ദേശീയ ടീമിലേക്ക് പ്രവേശനം ലഭിച്ച 32 താരങ്ങളുടെ പരിശീലനമാണ് നടക്കുന്നത്. ജൂലൈയില്‍ ഒളിമ്പിക്‌സടക്കം നടക്കുന്നതിനാല്‍ ഏറ്റവും മികച്ചതും ശാസ്ത്രീയവുമായ പരിശീലനമാണ് നല്‍കുന്നത്. മുഖ്യ പരിശീലകന്‍ ഗ്രഹാം റീഡാണ് നാലാഴ്ച നീളുന്ന പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. അടുത്തമാസം ജര്‍മ്മനിയിലും ഇംഗ്ലണ്ടിലും പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതും ഈ ക്യാമ്പില്‍ നിന്നായിരിക്കും.
ഏക മലയാളി താരവും മുന്‍ നായകനുമായ പി.ആര്‍.ശ്രീജേഷ്, കൃഷന്‍ ബഹാദൂര്‍ പഥക്, സുരാജ് എന്നിവരാണ് നിലവിലെ ഗോള്‍ കീപ്പര്‍മാര്‍. നായകന്‍ പഞ്ചാബില്‍ നിന്നുള്ള ഹര്‍മന്‍പ്രീത് സിംഗ് തന്നെയാണ്. 16 പേരടങ്ങുന്ന പഞ്ചാബാണ് ഇന്ത്യന്‍ ഹോക്കിക്ക് ഏറ്റവും കൂടുതല്‍ താരങ്ങളെ സംഭാവന ചെയ്തിരിക്കുന്ന സംസ്ഥാനം. പിന്നീട് 5 പേരെ നല്‍കിയിരിക്കുന്ന ഒഡീഷയാണ്. മണിപ്പൂര്‍ 3 പേരെ നല്‍കിയിട്ടുണ്ട്. ദക്ഷിണ ഭാരതത്തില്‍ കേരളവും കര്‍ണ്ണാടകവും ഒരോ താരങ്ങളെയാണ് ദേശീയ ടീമിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്.















