ലണ്ടന്‍: ഫ്രാറ്റണ്‍ പാര്‍ക്കില്‍ യുവതാരങ്ങളുമായി ഇറങ്ങിയ ആഴ്‌സണല്‍ എഫ്ഏ കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പോര്‍ട്ട്‌സ്മൗത്തിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. കളിയുടെ ആദ്യപകുതിയിലെ അധികസമയത്താണ് സോക്രട്ടീസ് പാപായുടെ വക ആദ്യ ഗോള്‍ വീണത്. റീസ് നെല്‍സണിന്റെ ക്രോസ്സ് സോക്രട്ടീസ് വലയിലേക്ക് എത്തിക്കുകയായിരുന്നു. പോര്‍ട്ട്‌സ്മൗത്തിന്റെ തട്ടകത്തില്‍ ആതിഥേയരെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി ആഴ്‌സണല്‍ രണ്ടാം ഗോളും നേടി.എഡ്ഡീ നെതീയയുടെ വകയായിരുന്നു ഗോള്‍.വീണ്ടു നെല്‍സണ്‍ തന്നെയാണ് ഗോളിന് വഴിതെളിച്ചത്. 51-ാം മിനിറ്റിലെ റീസ് നെല്‍സണിന്റെ ക്രോസ്സ് ഗോള്‍ പേസ്റ്റിനടുത്ത് വച്ച് മികച്ച ഷോട്ടിലൂടെ നെതീയ വലയിലെത്തിച്ചു.
ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റ 20 വയസ്സുകാരായ 6 താരങ്ങളെയാണ് കളത്തിലിറക്കി പരീക്ഷണം നടത്തിയത്. എന്തു വെല്ലുവിളിയും ഏറ്റെടുക്കുന്നവരാണ് യുവതാരങ്ങളെന്നതാണ് തന്നെ പരീക്ഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് ആര്‍ട്ടേട്ട പറഞ്ഞത്.















