ന്യൂഡല്‍ഹി: വനിത ട്വന്റി20 ലോകകപ്പ് സെമി ഫൈനലിന് ഇറങ്ങുമ്പോള്‍ ടീം ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഓപ്പണര്‍ ഷഫാലി വെര്‍മ്മയുടെ പ്രകടനത്തിനാണ്. നിലവില്‍ മികച്ച ഫോമില്‍ ബാറ്റുവീശുന്ന 16കാരിയായ ഷഫാലി തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വനിതാ താരങ്ങളുടെ ബാറ്റിംഗ് റാങ്കിംഗില്‍ 751 പോയിന്റുമായി ഷഫാലി ഒന്നാം സ്ഥാനത്തെത്തി.
19 സ്ഥാനങ്ങള്‍ പിന്നിട്ടാണ് ഷഫാലി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 16-ാം വയസില്‍ പുരുഷ-വനിത ടീമുകളില്‍ നിന്നുള്ള മറ്റൊരു താരവും ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയമാകുന്നത്. നിലവില്‍ ട്വന്റി20 ലോകകപ്പിലെ നാലു മത്സരങ്ങളിലും ഇന്ത്യയ്‌ക്കു വേണ്ടി മികച്ച പ്രകടനമാണ് ഷഫാലി പുറത്തെടുത്തത്. ലോകകപ്പില്‍ അവസാനമായി കളിച്ച നാല് ഇന്നിംഗ്‌സുകളില്‍ നിന്നും 47, 46, 39, 29 എന്നിങ്ങനെയായിരുന്നു ഷഫാലിയുടെ പ്രകടനം.
മിതാലി രാജ് ഒന്നാം റാങ്കിലെത്തിയശേഷം ആ സ്ഥാനത്തെത്തുന്ന ആദ്യ താരം കൂടിയായി ഷഫാലി. ഇതുവരെ 18 ട്വന്റി20 മത്സരങ്ങള്‍ കളിച്ച താരം 28.52 റണ്‍സ് ശരാശരിയില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 485 റണ്‍സ് നേടിയിട്ടുണ്ട്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇറങ്ങുന്ന ടീം ഇന്ത്യക്ക് ഷഫാലി നല്‍കുന്ന മികച്ച തുടക്കം നിര്‍ണായകമാണ്.















