ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി സൗരാഷ്‌ട്ര. കരുത്തരായ ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് സൗരാഷ്‌ട്ര ഫൈനലിലേക്ക് യോഗ്യത നേടിയത്. 7 വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ജയദേവ് ഉനദ്കട്ടിന്റെ തകര്‍പ്പന്‍ പ്രകടനമാണ് സൗരാഷ്‌ട്രയുടെ വിജയത്തില്‍ നിര്‍ണായകമായത്. രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി 10 വിക്കറ്റ് നേട്ടവും ഉനദ്കട്ട് സ്വന്തമാക്കിയിരുന്നു.
ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടിയ ഉനദ്കട്ട് 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും സ്വന്തം പേരില്‍ തിരുത്തിക്കുറിച്ചു. ഒരു രഞ്ജി ട്രോഫി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന പേസര്‍ എന്ന റെക്കോര്‍ഡാണ് ഉനദ്കട്ടിനെ തേടിയെത്തിയത്. ഈ സീസണില്‍ 65 വിക്കറ്റുകളാണ് ഉനദ്കട്ട് വീഴ്‌ത്തിയത്. 1998-99 സീസണില്‍ 62 വിക്കറ്റുകള്‍ നേടിയ കര്‍ണാടകയുടെ ദൊദ്ദ ഗണേഷിന്റെ റെക്കോര്‍ഡാണ് തിരുത്തിയെഴുതപ്പെട്ടത്.
അതേസമയം, രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ താരമെന്ന റെക്കോര്‍ഡ് ബീഹാര്‍ സ്പിന്നറായ അഷുതോഷ് അമാന്റെ പേരിലാണ്. 2018-19 സീസണില്‍ 68 വിക്കറ്റുകളാണ് അഷുതോഷ് സ്വന്തമാക്കിയത്. എന്നാല്‍ വെറും 4 വിക്കറ്റുകള്‍ കൂടി നേടാനായാല്‍ ഈ റെക്കോര്‍ഡും ജയദേവ് ഉനദ്കട്ടിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെടും. കലാശപ്പോരാട്ടത്തില്‍ ബംഗാളാണ് സൗരാഷ്‌ട്രയുടെ എതിരാളികള്‍.















