മുംബൈ: നാല് ദിവസത്തിനുള്ളില്‍ രണ്ടാം സെഞ്ച്വറി സ്വന്തമാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. പരിക്കിന്റെ പിടിയിലായതിന് പിന്നാലെ ടീമിന് പുറത്തിരുന്ന ഹര്‍ദിക് ഐപിഎല്ലിന് മുന്നോടിയായി ഉജ്ജ്വല ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഹര്‍ദിക് പുറത്തെടുത്തു കൊണ്ടിരിക്കുന്നത്.
സെമി ഫൈനലില്‍ ബിപിസിഎല്ലിനെതിരേയയായിരുന്നു ഹര്‍ദിക്കിന്റെ വെടിക്കെട്ട് പ്രകടനം. വെറും 55 പന്തുകള്‍ നേരിട്ട പാണ്ഡ്യ 158 റണ്‍സാണ് അടിച്ചുകൂട്ടിയത്. 20 സിക്സറുകളും 6 ബൗണ്ടറികളുമാണ് ഹര്‍ദിക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 39 പന്തുകളിലാണ് താരം സെഞ്ച്വറി നേടിയത്. രണ്ടു വിക്കറ്റിന് 10 റണ്‍സെന്ന നിലയില്‍ തകര്‍ന്നു തുടങ്ങിയ തന്റെ ടീമിനെ നിശ്ചിത ഓവറില്‍ നാലിന് 238 റണ്‍സെന്ന വമ്പന്‍ സ്‌കോറിലെത്തിക്കാനും പാണ്ഡ്യക്ക് കഴിഞ്ഞു.
നേരത്തെ, വെറും നാല് ദിവസം മാത്രം മുന്‍പാണ് സിഎജി ടീമിനെതിരെ ഹര്‍ദിക് 37 പന്തില്‍ സെഞ്ച്വറി നേടിയത്. അന്ന് 10 സിക്സറുകളാണ് ഹര്‍ദിക്കിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ഹര്‍ദിക് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയതും സിക്സറിലൂടെയായിരുന്നു. 105 റണ്‍സ് എടുത്തതിനു പുറമെ ബൗളിംഗില്‍ 26 റണ്‍സ് വഴങ്ങി 5 വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.















