മുംബൈ: കോവിഡ്19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുമെന്ന ആശങ്കയില്‍ നടക്കാനിരുന്ന എല്ലാ ഐപിഎല്‍ മത്സരങ്ങളും ജൂലൈ മാസത്തില്‍ തുടങ്ങി സെപ്തംബറില്‍ തീര്‍ക്കാനാകും വിധം ക്രമീകരിക്കാനാണ് ബിസിസിഐ ധാരണ.
കഴിഞ്ഞ ശനിയാഴ്ച ഐപിഎല്‍ ഫ്രാഞ്ചൈസികളുമായുള്ള യോഗത്തിന് ശേഷമാണ് ഐപിഎല്‍ ഉപേക്ഷിക്കണമോ അതോ യുക്തമായ ഒരു സമയത്തേക്ക് മാറ്റണമോ എന്നതില്‍ തീരുമാനം ആയത്. ഏതായാലും മത്സരം ഉപേക്ഷിക്കാമെന്ന പ്ലാന്‍-ബി നടപ്പാക്കില്ല എന്ന് ബിസിസിഐ വൃത്തങ്ങള്‍ ഉറപ്പിച്ചു പറയുന്നു. മറിച്ച് പ്ലാന്‍-ഏ പ്രകാരം 60 മത്സരങ്ങളുള്ള ഐപിഎല്‍ ഉടനെ നടത്താനായില്ലെങ്കില്‍ കുറച്ചു നാളത്തേക്ക് നീട്ടി നിശ്ചയിക്കുമെന്നതാണ് ഒരു പദ്ധതി. ഇനി ഇന്ത്യയില്‍ നടന്നില്ലെങ്കില്‍ പുറത്ത് മറ്റൊരു രാജ്യത്ത് നടത്തും. മാത്രമല്ല വിദേശ കളിക്കാരുടെ ലഭ്യതക്കുറവുണ്ടായാല്‍ ഉള്ളവരെ വച്ച് സീസണ് പൂര്‍ത്തിയാക്കും’ ബിസിസിഐ വ്യക്തമാക്കി.
2020 ലോക ക്രിക്കറ്റ് സീസണിന്റെ സമയക്രമത്തില്‍ ജൂലൈ-സെപ്തംബര്‍ മാസത്തില്‍ വലിയ തിരക്കുകള്‍ ടീമുകളെ ബാധിക്കുന്നില്ല. നിലവില്‍ യുഎഇയി ആതിഥ്യമരുളുന്ന ഏഷ്യാകപ്പ് ടി20യും പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനവും മാത്രമാണുള്ളത്. അതിനാല്‍ ഭൂരിഭാഗം കളിക്കാരേയും ലഭിക്കുമെന്ന സൗകര്യമാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളടക്കം ചൂണ്ടിക്കാട്ടുന്നത്.















