ലണ്ടന്‍: ലോക കായിക ലോകത്ത് എല്ലാ ഭൂഖണ്ഡങ്ങളിലും കളിക്കുന്ന കായിക ഇനമായ ഫുട്‌ബോള്‍ മുതല്‍ അപൂര്‍വ്വം വേദികള്‍ സാക്ഷിയാകുന്ന ഫോര്‍മുല വണ്‍ കാറോട്ടമടക്കം എല്ലാം ഈ ആഴ്ചയോടെ നിശ്ചലമാവുകയാണ്. ഇന്നുമുതല്‍ മാര്‍ച്ച് മാസം 31-ാം തിയതി വരെ ലോകം സ്വയമൊതുങ്ങി പോരാടുകയാണ് കൊറോണ എന്ന മഹാമാരിയോട്.
ഫുട്‌ബോളില്‍ തുടര്‍ച്ചയായി ആഴ്ചകളിലെ മൂന്ന് ദിവസം വീതം നടന്നുവന്ന ലീഗുകള്‍ മുടങ്ങിയെന്നു മാത്രമല്ല പ്രമുഖ ടീമുകളുടെ താരങ്ങളടക്കം കോവിഡ്19 ബാധിതരായി ചികിത്സയിലാണ്. നടക്കേണ്ടിയിരുന്ന എല്ലാ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍ ലീഗ്, സ്പാനിഷ് ലീഗ്, ജര്‍മ്മന്‍ ലീഗ്, റഷ്യന്‍ ലീഗ്, ജാപ്പാനീസ് ലീഗ് എന്നിവ ഒരാഴ്ച മുന്നേ നിര്‍ത്തി. ഇവക്കിടയില്‍ ഇതേ ലീഗുകളിലെ പ്രമുഖ ടീമുകള്‍ സ്വന്തം തട്ടകത്തിലും മറ്റ് ടീമുകളുടെ തട്ടകത്തിലും വന്ന് കളിക്കുന്ന ചാമ്പ്യന്‍സ് ലീഗും യൂറോപ്പാ ലീഗും ഈ മാസത്തെ കളികളെല്ലാം റദ്ദാക്കി. ഇംഗ്ലീഷ് ടീമുകള്‍ കളിക്കുന്ന എഫ് എ കപ്പും അടുത്ത മാസത്തേക്ക് മാറ്റി. ഭൂഖണ്ഡത്തെ ആവേശത്തിലാക്കുന്ന യൂറോ 2020യും കോപ്പാ അമേരിക്കയും അടുത്ത വര്‍ഷത്തേക്ക് മാറ്റി. ഇന്ത്യയിലെ ഐഎസ്എല്ലും ഐ ലീഗും ഭാഗ്യത്തിന് കോവിഡ്19 രൂക്ഷമാകുന്നതിന് മുന്നേ അവസാനിപ്പിക്കാന്‍ കഴിഞ്ഞതാണ് ഏക ആശ്വാസം.

ക്രിക്കറ്റ് വേദികളില്‍ ലോകത്തെ ഒട്ടുമിക്ക ഗ്ലാമര്‍താരങ്ങളും ക്ലബ്ബുകള്‍ക്കായി ഇറങ്ങുന്ന ഐപിഎല്ല് മാറ്റാന്‍ തീരുമാനിച്ചതാണ് കായിക പ്രേമികളെ നിരാശരാക്കിയത്. എല്ലാ മത്സരങ്ങളും ഈ മാസം നടക്കേണ്ടത് ജൂലൈ മാസത്തേക്കാണ് മാറ്റിയത്. കോവിഡ്19 ബാധ രൂക്ഷമായതോടെ ഇന്ത്യയില്‍ മൂന്ന് ഏതദിനങ്ങളടങ്ങിയ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം മത്സരങ്ങളൊന്നും കളിക്കാനാകാതെ മടങ്ങി. ആദ്യമത്സരം ഹിമാചലിലെ ധര്‍മ്മശാലയില്‍ കനത്ത മഴമൂലമാണ് മുടങ്ങിയത്. ആരംഭിച്ച ശേഷം ഓസ്‌ട്രേലിയ ആതിഥ്യമരുളിയ ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പരയും പാതിവഴി ഉപേക്ഷിച്ചു.
മികച്ച പ്രേക്ഷകരുള്ള ബാഡ്മിന്റണും ടെന്നീസും താല്‍ക്കാലികമായി നെറ്റുകളഴിച്ചുമാറ്റി. ഒരു വിധം ആള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ പൂര്‍ത്തിയാക്കിയ ബാഡ്മിന്റണ്‍ മത്സരവേദികളില്‍ നടക്കേണ്ടിയിരുന്ന വമ്പന്‍ ടൂര്‍ണ്ണമെന്റുകള്‍ മാറ്റിയതായി അറിയിപ്പുവന്നുകഴിഞ്ഞു. ചൈന ഓപ്പണ്‍, ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പുകള്‍, ജര്‍മ്മന്‍ ഓപ്പണ്‍, ഇന്ത്യാ ഓപ്പണ്‍, സ്വിസ്സ് ഓപ്പണ്‍, മലേഷ്യ ഓപ്പണ്‍, സിംഗപ്പൂര്‍ ഓപ്പണ്‍ എന്നിവ വേണ്ടന്ന് വച്ചുകഴിഞ്ഞു.
ടെന്നീസില്‍ ഏറ്റവും അടുത്ത് നടക്കാനിരുന്ന ഗ്രാന്റ്സ്ലാമായ ഫ്രഞ്ച് ഓപ്പണ്‍ സെപ്തം ബറിലേക്ക് മാറ്റി. ഒപ്പം എല്ലാ എടിപി ടൂര്‍ണ്ണമെന്റുകളുമടക്കം മിയാമി ഓപ്പണ്‍, മോണ്ടീ കാര്‍ലോ മാസ്‌റ്റേഴ്‌സ് എന്നിവയും റദ്ദാക്കി.

ലോക അത്‌ലറ്റിക്‌സിലെ നാന്‍ജിയാംഗില്‍ നടക്കേണ്ടിയിരുന്ന ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പുകള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി. ഒളിമ്പിക്‌സിന്റെ ദീപശിഖാ പ്രയാണം ഗ്രീസിലെ യാത്ര പാതിവഴിയില്‍ നിര്‍ത്തി. ജപ്പാനിലെ യാത്ര താല്‍ക്കാലികമായി റദ്ദാക്കിയതായും സംഘാടകര്‍ അറിയിച്ചു. ബോക്‌സിംഗില്‍ ഏഷ്യാ ഓഷ്യാനിയ ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങള്‍ ചൈനയില്‍ നിന്ന് ജോര്‍ദ്ദാനിലേക്ക് മാറ്റി.

ലോക ബാസ്‌ക്കറ്റ് ബോള്‍ വേദികളെ ഹരം കൊള്ളിക്കുന്ന പ്രൊഫഷണല്‍ ലീഗായ എന്‍ബിഎ എല്ലാ മത്സരങ്ങളും റദ്ദാക്കി. ഹോക്കിയില്‍ ഇന്ത്യയുടെ ജപ്പാന്‍ പര്യടനം റദ്ദാക്കിയതിനൊപ്പം എല്ലാ പ്രോ-ലീഗ് മത്സരങ്ങളും ഏപ്രില്‍ 15 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.















