ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായവര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ദരിദ്രര്‍ക്കും, ഭവന രഹിതര്‍ക്കുമാണ് ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിംഗ് വിഭാഗമായ ഐആര്‍സിടിസി ഭക്ഷണം വിതരണംചെയ്യുന്നത്. ലോക്ക് ഡൗണ്‍ കാലവധി അവസാനിക്കുന്ന ദിവസം വരെ ഇത്തരത്തില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ഐആര്‍ടിസിയുടെ എല്ലാ സോണല്‍ ആസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതാത് പ്രദേശങ്ങളിലെ സോണല്‍ ആസ്ഥാനങ്ങളില്‍ ആളുകള്‍ക്ക് ഭക്ഷണം ലഭ്യമാകും. അച്ചാര്‍, കിച്ചടി തുടങ്ങിയ നാടന്‍ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ആളുകള്‍ക്ക് വിതരണം ചെയ്യുക. ഒരു ദിവസം അതാത് പ്രദേശങ്ങളിലെ 3,000 മുതല്‍ 5,000 വരെ ആളുകള്‍ക്കുള്ള ഭക്ഷം തയ്യാറാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
്അതാത് സോണല്‍ പരിധിയിലെ ദരിദ്രരെയും ഭവന രഹിതരായ ആളുകളെയും കണ്ടെത്തുക ഏറെ പ്രയാസം നിറഞ്ഞതാണ് കളക്ടീവ് ഫോര്‍ ഹോംലെസ്സ് സംഘടന കണ്‍വീനര്‍ ബ്രിജേഷ് ആര്യ പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടങ്ങളിലേക്ക് എത്തിപ്പെടുക എന്നത് അതിലും പ്രയാസകരമാണ്. നിലവിലെ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ് ഐആര്‍സിടിസി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.