മുംബൈ: കൊറോണ കാലത്തെ സാമ്പകത്തിക മാന്ദ്യവും ലോക്ഡൗണും കണക്കിലെടുത്ത് സര്‍വ്വീസ് വാറന്റി കാലാവധി നീട്ടി വാഹന നിര്‍മ്മാതാക്കള്‍. ഇതിനൊപ്പം ഡീലര്‍മാരുടെ കൈവശം വിറ്റുപോകാതെ അവശേഷിക്കുന്ന ബിഎസ്-4 വാഹനങ്ങള്‍ തിരികെ എടുക്കുന്നതിലും സമയ ഇളവ് നല്കി പ്രമുഖ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു.
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയാണ് ആദ്യമായി വാറന്റി കാലാവധി നീട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. വാറന്റി കാലാവധിയും എക്സറ്റന്‍ഡഡ് വാറന്റി കാലാവധിയും ഒരുമാസത്തേക്ക് നീട്ടുന്നതായി മാരുതി അറിയിച്ചു. ബിഎസ്-4 വാഹനങ്ങള്‍ തിരികെ എടുക്കുന്നതിനായി ടൊയോട്ട, വോള്ക്സ്വാഗന്, ഹീറോ മോട്ടോഴ്സും, റിനോ ഇന്ത്യയും രംഗത്തെത്തി.
നിലവില്‍ മാര്‍ച്ച് 15ന് അവസാനിക്കുന്ന വാറന്റി സമയം ഏപ്രില്‍ 30 വരേയും എക്സറ്റന്‍ഡഡ് വാറന്റി സമയം ജൂണ്‍ 30 വരെയുമാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. മാരുതിയുടെ കാള്‍ സെന്റര്‍ വഴി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.