ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സും. രണ്ടു കോടി രൂപയുടെ സഹായമാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കിയ മോട്ടോഴ്‌സ് സംഭാവന പ്രഖ്യാപിച്ചിരിക്കന്നത്. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കിയ മോട്ടോഴ്‌സ് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ആന്ധ്രപ്രദേശിലെ അനന്ത്പൂരിലാണ്.
ധനസഹായത്തിനൊപ്പം സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും കിയ അറിയിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തും പൊതുജനങ്ങളെ സഹായിക്കാനും കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായുള്ള നീക്കങ്ങള്‍ നടത്തിവരികയാണെന്നും കിയോ മോട്ടോഴ്‌സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി ബുദ്ധിമുട്ടിലായ കിയ ഉപഭോക്താക്കള്‍ക്ക് എല്ലാ പിന്തുണും ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് വാറണ്ടിയും സൗജന്യ സര്‍വ്വീസും അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഇത് പുതുക്കാനും സര്‍വ്വീസ് പൂര്‍ത്തിയാക്കാനും ജൂലായ് മാസം വരെ അവസരമൊരുക്കും.















