വരണ്ട ചുമയും തൊണ്ട വേദനയും കടുത്ത പനിയുമെല്ലാം കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. ചിലര്‍ക്ക് ഭക്ഷണത്തോടുള്ള താത്പര്യ കുറവും ഘ്രാണശക്തിയില്ലായ്മയും കൊറോണയുടെ ലക്ഷണങ്ങളായി കാണാറുണ്ട്. എന്നാല്‍ കൊറോണ ബാധിതരായ ചില രോഗികളില്‍ ചെങ്കണ്ണിന്റെ ലക്ഷണവും കാണിക്കുന്നുണ്ടെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ ചികിത്സ തേടിയ 38 കൊറോണ രോഗികളില്‍ 19 പേര്‍ക്കും കണ്ണിന് അസുഖമുണ്ടായിരുന്നുവെന്നാണ് ജമ ഒഫ്താല്‍മോളജി പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
കൊറോണ രോഗബാധിതനായ ഒരാള്‍ ചെങ്കണ്ണ് ലക്ഷണവും പ്രകടിപ്പിച്ചേക്കാമെന്നാണ് വാഷിംഗ്ടണ്‍ ലൈഫ് കെയര്‍ സെന്ററിലെ നഴ്‌സുമാര്‍ പറയുന്നത്. കൊറോണയുടെ മറ്റൊരു വകഭേദമായ സാര്‍സ് വ്യാപന കാലത്ത് കണ്ണിലൂടെ രോഗം പകര്‍ന്നിരുന്നു. അതിനാലാണ് ഈ സംശയം ബലപ്പെടുന്നത്. അതേസമയം ഒരു ശതമാനം രോഗങ്ങളിലെ കണ്‍ജക്റ്റിവൈറ്റിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു.
വൈറസിന്റേയോ ബാക്ടീരിയുടേയോ അണുബാധ മൂലം കണ്ണിനുള്ളിലെ പാളിയ്‌ക്ക് ഉണ്ടാകുന്ന വീക്കമാണ് കണ്‍ജക്റ്റിവൈറ്റിസ്. പൊടിപടലങ്ങളും മറ്റ് സൂക്ഷ്മ ശകലങ്ങളുും കാരണവും ഇത് ഉണ്ടാകാറുണ്ട്. സാധാരണ ജലദോഷവും പനിയും ഉണ്ടാക്കുന്ന വൈറസുകളും ഇതിന് കാരണമാകാറുണ്ട്. അതിനാല്‍ കൊറോണ ചെങ്കണ്ണ് ഉണ്ടാക്കുമെന്ന സാധ്യത തള്ളിക്കളയാനും കഴിയില്ല. അനിയന്ത്രിതമായ കണ്ണീര്‍, ചുവന്ന കണ്ണ്, ചൊറിച്ചില്‍, കണ്‍പോള ഒട്ടിച്ചേരല്‍ എന്നിവയാണ് കണ്‍ജക്റ്റിവൈറ്റിസിന്റെ ലക്ഷണങ്ങള്‍.















