വാഷിംഗ്ടണ്‍: കൊറോണ വൈറസ് വായുവിലൂടെ നാലു മീറ്റര്‍ വരെ ദൂരത്തില്‍ പ്രഭാവമുണ്ടാകുമെന്ന് പഠനം. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) ജേണലായ എമേര്‍ജിംഗ് ഇന്‍ഫെക്ഷ്യസ് ഡിസീസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡൈനീസ് ഗവേഷകര്‍ നടത്തിയ ഗവേഷണത്തിന്റെ പ്രാഥമിക വിവരങ്ങളാണ് ഇതിലുള്ളത്.
വൈറസ് എങ്ങനെയാണ് പകരുന്നതെന്നും ഇവര്‍ പഠനത്തില്‍ പറയുന്നു. കുറഞ്ഞ അളവില്‍ കാണുന്ന വൈറസുകള്‍ അത്രമേല്‍ ഉപദ്രവകാരിയല്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതേയുള്ളു.
വുഹാനിലെ ഹുവോഷെന്‍ഷന്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡിലെ ജനറല്‍ വാര്‍ഡില്‍നിന്നും ഐസിയുവില്‍ നിന്നുമുള്ള സാംപിളുകളാണ് ഗവേഷകര്‍ പഠനം നടത്തിയത്. പ്രതലത്തിലുള്ളതും വായുവിലുള്ളതുമായ സാമ്പിളുകള്‍ ഇവര്‍ ശേഖരിച്ചു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 3 വരെ ഇവിടെയുണ്ടായിരുന്ന 24 രോഗികളെ ഇവര്‍ പഠന വിധേയമാക്കി.
വൈറസ് കൂടുതലും വാര്‍ഡുകളുടെ നിലത്താണ് കണ്ടത്. തുമ്മുന്നതിലൂടെയും ചുമയ്‌ക്കുന്നതിലൂടെയും പുറത്തു വരുന്ന വൈറസുകള്‍ കൂടുതലും ഏതെങ്കിലും പ്രതലത്തിലാണ് വീഴുക. ആളുകള്‍ എപ്പോഴും തൊടുന്ന പ്രതലമാണ് ശ്രദ്ധിക്കേണ്ടത്.
കട്ടില്‍, വാതില്‍ പിടി, കമ്പ്യൂട്ടര്‍ മൗസ്, കീബോര്‍ഡ് എന്നിവയില്‍ വൈറസ് കൂടുതല്‍ പറ്റിപിടിച്ചിരിക്കും. ഐസിയുവിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ചെരുപ്പുകളില്‍ വൈറസ് പറ്റിപിടിച്ചിരിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. വൈറസ് കണികകള്‍ തീരെ ചെറുതായതിനാല്‍ അവ വായുവില്‍ അധിക നേരം തങ്ങി നില്‍ക്കുമെന്നും പഠനത്തില്‍ പറയുന്നു.















