കൊറോണ പ്രതിരോധത്തിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ താരമായ ഭക്ഷ്യ വസ്തുവാണ് ചക്ക. ഒരു കാലത്ത് പലരും ഒഴിവാക്കിയിരുന്ന ചക്കയാണ് ഈ ലോക്ക് ഡൗണ്‍ കാലയളവില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയ ഫലവര്‍ഗം. ചക്ക പുഴുക്കും, ചക്ക അടയും മുതല്‍ ചക്കക്കുരു ഷേയ്‌ക്ക് വരെയുണ്ട് ഇതില്‍.
ചക്കയെന്നത് വെറുമൊരു ഫലവര്‍ഗം മാത്രമല്ല എന്ന് ഈ ലോക്ക് ഡൗണ്‍ കാലം തെളിയിച്ചു. ചക്കച്ചുള, ചക്കക്കുരു, ചക്കപ്പൂഞ്ഞ്, ചക്ക പാട എന്നിവയെല്ലാം ഭക്ഷ്യയോഗ്യമാണ്. നിരവധി ആരോഗ്യ ഗുണങ്ങളും ചക്കയ്‌ക്ക് ഉണ്ട്. വിറ്റാമിന്‍ എ, സി, ബി എന്നിവയാല്‍ സമ്പന്നമാണ് ചക്ക. സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയുടേയും കലവറയാണ് ചക്ക. രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ചക്ക വളരെ പ്രയോജനപ്രദമാണ്.
കൊളസ്‌ട്രോള്‍ രഹിതമായ ഭക്ഷണമാണ് ചക്ക. മറ്റ് ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് നാരുകള്‍ കൂടുതലായതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യും. ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചക്ക മികച്ചതാണ്. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ പരിഹരിച്ച് എല്ലുകളെ ബലമുള്ളതാക്കാനും ചക്ക സഹായിക്കും. ബാക്ടീരിയ കാരണം ഉണ്ടാകുന്ന അസുഖങ്ങള്‍ ഇല്ലാതാക്കാനും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചക്കയ്‌ക്ക് കഴിവുണ്ട്.
ചക്ക കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ച് നിര്‍ത്താന്‍ ചക്കക്കുരുവിലുള്ള നിസിത്തിന്‍ സഹായിക്കും.















