ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെതിരെ റെംഡെസിവിര്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. പരീക്ഷണദശയിലുള്ള റെംഡെസിവിര്‍ എന്ന മരുന്ന് നല്‍കുന്ന കൊറോണ രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുരുതരമായ ശ്വാസകോശ രോഗലക്ഷണങ്ങളും പനിയുമുള്ള രോഗികള്‍ പോലും മരുന്ന് നല്‍കിയതോടെ ഒരാഴ്‌ച്ചയോടെ അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയതായാണ് വിവരം.
ചിക്കാഗോ സര്‍വ്വകലാശാലയിലെ പകര്‍ച്ച വ്യാധി വിദഗ്ധനായ ഡോ. കാത്‌ലീന്‍ മുള്ളെയ്‌നാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷണത്തിന്റെ ഔദ്യോഗിക ഫലം ലഭ്യമായാല്‍ ഉടന്‍ സര്‍വ്വകലാശാല ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കൊറോണ ചികിത്സയ്‌ക്കായി അംഗീകരിക്കപ്പെട്ട മരുന്നുകള്‍ ഒന്നുമില്ല. എന്നാല്‍ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഹെല്‍ത്ത് നിരവധി മരുന്നുകളുടേയും ചികിത്സാ രീതികളുടേയും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ ഉള്‍പ്പെട്ടതാണ് റെംഡെസിവിര്‍ എന്ന മരുന്ന്. ഗിലീഡ് സയന്‍സാണ് ഈ മരുന്ന് നിര്‍മ്മിച്ചിരിക്കുന്നത്. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ഈ മരുന്നിന് കൊറോണ വൈറസിനെ തടയാനും ചികിത്സിക്കാനും കഴിയുമെന്ന് പറയുന്നു. കൊറോണ, സാര്‍സ് എന്നിവയ്‌ക്ക് ഈ മരുന്ന് ഫലപ്രദമാണെന്നാണ് പഠനം.
ലോകാരോഗ്യ സംഘടനയും കൊറോണയ്‌ക്കെതിരെ റെംഡെസിവിര്‍ പ്രയോജനപ്പെടുമെന്ന് പറഞ്ഞിരുന്നു. മറ്റ് ക്ലിനിക്കുകളിലും മരുന്നിന്റെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.















