കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ എൽക്കോ ഷട്ടോരിയെ ടീമിൽ നിന്നും പുറത്താക്കി. ഇക്കാര്യം ടീമിന്റെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് ക്ലബ് അറിയിച്ചത്. പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഡച്ച് പരിശീലകനായ ഷട്ടോരിയെ ബ്ലാസ്റ്റേഴ്‌സ് മാറ്റിയിരിക്കുന്നത്.
ഷട്ടോരി ക്ലബിന് നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ഭാവി സുരക്ഷിതമായിരിക്കട്ടെ. എന്നും ക്ലബ് ഔദ്യോഗിക കുറിപ്പില്‍ അറിയിക്കുന്നുണ്ട്. ഷട്ടോരിക്ക് പകരം സ്പാനിഷ് പരിശീലകന്‍ കിബു വികൂന കേരളാ ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഐ ലീഗില്‍ മോഹന്‍ ബഗാനെ ഇക്കുറി ജേതാക്കളാക്കിയ പരിശീലകനാണ് വികൂന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
പോയ സീസണില്‍ 18 കളികളില്‍ നിന്നും 19 പോയിന്റുമായി ഏഴാം സ്ഥാനത്തായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. ആകെ നാല് മത്സരങ്ങളില്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത്. പരിക്കിന്റെ പിടിയിലമ൪ന്ന ടീമിനെ തന്നാലാവും വിധം കരകയറ്റാ൯ അദ്ദേഹം ശ്രമിച്ചു. അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തി ആരാധകരുടെ മനസില്‍ സ്ഥാനമുറപ്പിച്ച ശേഷമാണ് ഷട്ടോരിയുടെ മടക്കം.















