കൊറോണ എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകജനത. കൊറോണ രോഗികളെ ചികിത്സിക്കാനായി സ്വന്തം ജീവന്‍ പോലും പണയം വെച്ച് സേവനമുഷ്ഠിക്കുകയാണ് ഡോക്ടര്‍മാരും നഴ്‌സുമാരും. ഇവരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് പകരം വെയ്‌ക്കാന്‍ ലോകത്ത് മറ്റൊന്നും തന്നെയില്ല. വാക്കുകള്‍ കൊണ്ട് ഇവരോടുള്ള നന്ദി പ്രകടിപ്പിക്കാനും കഴിയില്ല. കൊറോണ രോഗികള്‍ക്കായി സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് നന്ദി അറിയിച്ച് നിരവധി പേര്‍ രംഗത്തെത്താറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.
കൊറോണ രോഗികള്‍ക്കായി ഇന്ത്യക്കാരിയായ ഡോ. ഉമ മധുസൂധനന്‍ നല്‍കിയ നിസ്വാര്‍ത്ഥ സേവനത്തിന് രോഗമുക്തി നേടിയര്‍ നല്‍കിയ നന്ദി പ്രകടനമാണ് വീഡിയോയില്‍ ഉള്ളത്. യുഎസ്‌സിലെ സൗത്ത് വിന്‍ഡ്‌സോര്‍ ആശുപത്രിയിലാണ് ഉമ മധുസൂധനന്‍ സേവനം അനുഷ്ഠിക്കുന്നത്.
ഭയമില്ലാതെ ആത്മാര്‍ത്ഥമായി ഇവര്‍ നല്‍കിയ സേവനത്തിന് വ്യത്യസ്തമായ രീതിയില്‍ നന്ദി അറിയിക്കുകയാണ് കൊറോണ വൈറസില്‍ നിന്നും രോഗമുക്തി നേടിയ രോഗികള്‍. വരിവരിയായി ഹോണടിച്ച് നീങ്ങുന്ന കാറുകള്‍. തുറന്ന വിന്‍ഡോ ഗ്ലാസിലൂടെ പുറത്തേക്ക് നീളുന്ന പലവര്‍ണ പ്ലക്കാര്‍ഡുകളില്‍ താങ്ക്യു ഡോക്ടര്‍ എന്ന് എഴുതിയിട്ടുണ്ട്. തങ്ങളെ ചികിത്സിച്ച ഡോക്ടറോടുള്ള നന്ദി അറിയിക്കാന്‍ യുഎസിലെ ഒരു സംഘം ആളുകള്‍ കണ്ടെത്തിയ മാര്‍ഗമാണിത്.
ഡോക്ടര്‍ക്കായി നടത്തിയ വാഹന പരേഡിന്റെ വീഡിയോ വ്യവസായിയായ ഹര്‍ഷ ഗോയങ്കാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഡോക്ടറുടെ വീടിന് മുന്നിലുള്ള റോഡിലൂടെയാണ് വാഹനങ്ങള്‍ നിരനിരയായി നീങ്ങിയത്. വീടിന് മുന്നില്‍ നിന്നും ഡോക്ടര്‍ ആഹ്ലാദത്തോടെ കൈവീശി കാണിക്കുന്നതും വീഡിയോയില്‍ ഉണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇതിനോടകം തന്നെ വീഡിയോ വൈറലായിരിക്കുകയാണ്. ഒട്ടേറെ പേര്‍ ഡോക്ടര്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
Dr Uma Madhusudan, an Indian doctor, was saluted in a unique way in front of her house in USA in recognition of her selfless service treating Covid patients pic.twitter.com/Hg62FSwzsP
— Harsh Goenka (@hvgoenka) April 20, 2020















