ആലപ്പുഴ : കൊറോണ പ്രതിരോധ പ്രവർത്തനത്തിന് സഹായം തേടാൻ സമീപത്തുള്ള സന്നദ്ധ പ്രവർത്തകനെ കണ്ടെത്താൻ സഹായിക്കുന്ന ആപ്പുമായി കുട്ടനാട്ട്കാരൻ. കുട്ടനാട് തലവടി സ്വദേശി പ്രതീഷ് കുമാറാണ് ആപ്പ് തയാറാക്കിയത്. ഫ്രീ സോണൽ എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷനിൽ വോളന്റിയേഴ്സ് ഹെൽപ്പ് എന്നൊരു വിഭാഗമാണ് ഇതിനായി രൂപവത്കരിച്ചിരിക്കുന്നത്.
പ്രതീഷ് കുമാർ തിരുവല്ലയിൽ സ്വന്തമായി ഐ.ടി. സ്ഥാപനം നടത്തുകയാണ്. നിലവിൽ തലവടി പഞ്ചായത്തിലെ 11-ാം വാർഡിലെ 50 വോളന്റിഴേ്സിന്റെ വിവരങ്ങളാണ് ആപ്പിലുള്ളത്. വരും ദിവസങ്ങളിൽ ആലപ്പുഴ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും വോളന്റിയർമാരുടെ വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തും. ജനറൽ വോളന്റിയർ, സമൂഹ അടുക്കള, മെഡിക്കൽ തുടങ്ങി വിവിധ വിഭാഗങ്ങളായി ഇവരെ വേർ തിരിച്ചിട്ടുണ്ട്. സഹായം തേടുന്നവരുടെ മൊബൈൽലൊക്കേഷനിൽ നിന്നും പരമാവധി 10 കിലോമീറ്റർ വരെ ദൂരത്തിലുള്ള വോളന്റിയർമാരെ കണ്ടെത്താൻ ആപ്പിലൂടെ സാധിക്കും. ഇവരെ വിളിക്കാനും, മെസേജ് ചെയ്യാനുമുള്ള സംവിധാനമുണ്ട്.
ക്ലാസിഫെഡ് സേവനങ്ങൾക്കായി നേരത്തെ തുടങ്ങിയ ആപ്പിലാണ് വോളന്റിയർ ഹെൽപ്പ് എന്നൊരു വിഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. കൊറോണ നിയന്ത്രണങ്ങൾ മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരം കൂടിയാണ് ആപ്പിലൂടെ ഒരുക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.