ന്യൂഡൽഹി: പാവപ്പെട്ട സ്ത്രീകൾക്കായി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഗഡു വിതരണം തിങ്കളാഴ്ച ആരംഭിക്കും. പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജൻധൻ അക്കൗണ്ട് ഉടമകളായ സ്ത്രീകൾക്കാണ് 500 രൂപ വീതം സാമ്പത്തിക സഹായം നൽകുന്നത്. ആദ്യ ഗഡു ഏപ്രിൽ ആദ്യ വാരം തന്നെ വിതരണം ചെയ്തിരുന്നു.
എല്ലാ വനിത ജൻധൻ അക്കൗണ്ട് ഉടമകൾക്കും മൂന്ന് മാസം 500 രൂപ വീതമാണ് കേന്ദ്രസർക്കാർ വിതരണം ചെയ്യുന്നത്. എല്ലാ വനിതാ ഗുണഭോക്താക്കൾക്കും മൂന്ന് ഗഡുക്കളായാണ് ഈ തുക നൽകുന്നത്. രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ രണ്ടാം ഗഡു വിതരണം ചെയ്യുന്നതിനായി ബാങ്കുകളിൽ പണം എത്തിക്കഴിഞ്ഞു.
തുക കൈപ്പറ്റുന്നതിനായി 0, 1 നമ്പറുകളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉള്ളവരാണ് മെയ് 4ന് ബാങ്കിൽ എത്തേണ്ടത്. 2, 3 നമ്പറുകൾ മെയ് 5നും 4, 5 നമ്പറുകൾ ഉള്ളവർ മെയ് 6നും എത്തണം. മെയ് 8ന് 6, 7 നമ്പറുകാർക്കും മെയ് 11ന് 8, 9 നമ്പറുകളിൽ അവസാനിക്കുന്നവർക്കും ബാങ്കുകളിൽ എത്തി പണം കൈപ്പറ്റാം. ഏപ്രിൽ മാസത്തിൽ 20 കോടി സ്ത്രീകൾക്കാണ് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിച്ചത്.