ഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യം ഇന്ന് മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക്. ഈ മാസം 17 വരെ നീണ്ടു നില്ക്കുന്ന ലോക് ഡൗണിന് ഇന്ന് തുടക്കമാകും. രോഗബാധയുള്ള മേഖലകള്‍ അടച്ചിടുകയും മറ്റിടങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന തരത്തിലാണ് നിയന്ത്രണങ്ങള്‍.
തീവ്ര വൈറസ് ബാധയുള്ള മേഖലകളില്‍ കൂടുതല്‍ കേന്ദ്രസംഘങ്ങള്‍ ഇന്ന് എത്തും. മുംബൈ, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലഖ്നൗ തുടങ്ങി 20 സ്ഥലങ്ങളിലാണ് കേന്ദ്രസംഘം നിരീക്ഷണത്തിന് എത്തുക. ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്കും ഇന്ന് തുടക്കമാവും.
റെഡ്, ഓറഞ്ച്,ഗ്രീന്‍ സോണുകളായാണ് രാജ്യത്തെ വേര്‍തിരിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവ് നല്കുന്ന തരത്തിലാണ് മേഖലകളെ തിരിച്ചത്. ഇതില്‍ രാജ്യത്തെ മൂന്നില്‍ രണ്ട് ജനതയും ഓറഞ്ച്,ഗ്രീന്‍ സോണുകളിലാണ് എന്നതാണ് ശ്രദ്ധേയം.
അതേസമയം രാജ്യത്ത് കൊറോണ രോഗമുക്തി നേടുന്നവരുടെ നിരക്ക് ഉയര്‍ന്നിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം 13 ശതമാനത്തില്‍ നിന്നും 25.19 ശതമാനമായി മാറിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.