കൊച്ചി : ആലുവയില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി മൂന്ന് പേര് മരിച്ചു. മുട്ടം തൈക്കാവ് സ്വദേശി കുഞ്ഞുമോന്, തൃക്കാക്കര തോപ്പില്‍ സ്വദേശി മജീഷ്, മകള്‍ അര്‍ച്ചന എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ആലുവയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു കാര്‍. ഇതിനിടെയാണ് നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറിയത്. സമീപത്തെ നോമ്പുതുറ വിഭവങ്ങള്‍ വില്‍ക്കുന്ന കടയില്‍ ആഹാര സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്ക്കിടയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. മരിച്ച മൂന്ന് പേര്‍ക്കും സംഭവ സ്ഥലത്ത് വെച്ചുതന്നെ ജീവന് നഷ്ടമായിരുന്നു.
ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ വാഹനാപകടത്തിലും മൂന്ന് പേര് മരിച്ചിരുന്നു. മൂവാറ്റുപുഴയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവനടന് ബേസില്‍ ജോര്‍ജ്ജും സുഹൃത്തുക്കളായ രണ്ട് പേരുമാണ് മരിച്ചത്.