ലണ്ടന്‍: കൊറോണ വൈറസ് ബാധക്കെതിരായ വാക്സിന് ഒരിക്കലും കണ്ടുപിടിച്ചേക്കില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ധന്‍. വാക്സിന് കണ്ടുപിടിച്ചിട്ടില്ലാത്ത നിരവധി വൈറസുകള്‍ ഇപ്പോഴുമുണ്ടെന്നും ആരോഗ്യ വിദഗ്ധനായ ഡേവിഡ് നബാരോ പറഞ്ഞു. 100 ല്‍ അധികം വാക്സിനുകള്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അവയില്‍ രണ്ടെണ്ണം മനുഷ്യരില്‍ പരീക്ഷിക്കാവുന്ന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എച്ച്ഐവി, ഡെങ്കി എന്നീ വൈറസുകള്‍ക്ക് ഇതുവരെ വാക്സിന് കണ്ടുപിടിച്ചിട്ടില്ല. അതുപോലെ കൊറോണയ്ക്കെതിരെയുള്ള വാക്സിന് കണ്ടുപിടിച്ചില്ലെങ്കിലുള്ള അവസ്ഥയെ കുറിച്ച് ആശങ്കാകുലരാണ് ആരോഗ്യ വിദഗ്ധരെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണയ്ക്കെതിരായുള്ള വാക്സിന് കണ്ടുപിടിച്ചാലും അത് എത്രത്തോളം ഫലപ്രാപ്തമായിരിക്കുമെന്നോ സുരക്ഷിതമായിരിക്കുമെന്നോ അനുമാനിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിറ്റാണ്ടുകളായി ലോകം എച്ച്ഐവി വാക്സിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്നാല്‍ എച്ച്ഐവിയ്ക്കെതിരെയുള്ള വാക്സിന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഡെങ്കിപ്പനിക്കെതിരെയുള്ള വാക്സിന് ചില രാജ്യങ്ങളില്‍ ലഭ്യമാണെങ്കിലും മുന്‍പ് വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ക്ക് മാത്രമെ ഇത് നല്‍കാവൂവെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.