ന്യൂഡല്‍ഹി: ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ് എന്ന മഹാമാരി. കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ച് അത് കൂടുതല്‍ മാരകമായ പകര്‍ച്ച വ്യാധിയിലേക്ക് നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ഈ ആശങ്കകള്‍ക്കിടെ ജനിതക വ്യതിയാനം സംഭവിച്ച 53 ശ്രേണികളുടെ വിവരങ്ങള്‍ ആഗോള ജീനോ ഡേറ്റാ ബേസുമായി പങ്കുവെച്ചിരിക്കുകയാണ് സിഎസ്ഐആര്‍.
ശ്രേണികളെ കുറിച്ചുള്ള വിവരങ്ങള്‍ വൈറസിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടെത്തുന്നതിനും ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ സമര്പ്പിച്ചിരിക്കുന്നതിന് പുറമെ 459 ജനിതക ശ്രേണികളുടെ വിവരങ്ങള്‍ കൂടി മെയ് പകുതിയോടെ സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡെ വ്യക്തമാക്കി.
ഡിഎന്‍എ ന്യൂക്ലിയോടൈഡുകളുടെ ക്രമം കണ്ടെത്തുകയാണ് ജീനോം സ്വീക്വന്‍സില്‍ ചെയ്യുന്നത്. ഒരു ജൈവ ഘടകത്തിന്റെ വളര്‍ച്ച, വികാസം, പരിപാലനം എന്നിവയ്ക്കായി ജീനുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാന്‍ ഇത് സഹായിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ഇതുവരെ പതിനാറായിരത്തോളം ശ്രേണികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.