സിക്കിം : ഇന്ത്യ- ചൈന അതിർത്തിയിൽ സൈനികർ തമ്മിൽ സംഘർഷമുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. സംഘർഷത്തിൽ നാല് ഇന്ത്യൻ സൈനികർക്കും 7 ചൈനീസ് സൈനികർക്കും പരിക്ക്. ഉടൻ തന്നെ മേഖലയിലെ സൈനിക നേതൃത്വങ്ങൾ തമ്മിൽ സംസാരിച്ച് സംഘർഷം ലഘൂകരിച്ചതായും നിലവിൽ പ്രശ്നങ്ങളില്ലെന്നുമാണ് റിപ്പോർട്ട്.
വടക്കൻ സിക്കിമിനു സമീപമാണ് സംഘർഷമുണ്ടായത്. നാകുല മേഖലയിൽ ഇരു സൈന്യങ്ങളും പട്രോളിംഗിനിടെ അടുത്തെത്തിയപ്പോഴാണ് സംഭവം. നൂറ്റിയൻപതോളം സൈനികർ സംഘർഷത്തിൽ പങ്കെടുത്തെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം സംഘർഷത്തെ കുറിച്ച് റിപ്പോർട്ട് ഒന്നും ലഭിച്ചിട്ടില്ലെന്ന് ഇരു രാജ്യങ്ങളിലേയും സൈനിക നേതൃത്വം പ്രതികരിച്ചു.
നേരത്തെയും ഇരു രാജ്യങ്ങളിലേയും സൈനികർ തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. ലഡാക്കിനു സമീപം പാംഗോംഗിൽ ഇരുവിഭാഗവും തമ്മിൽ കല്ലെറിയുകയും സൈനികർക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു. പിന്നീട് ഡോക്‌ലാമിൽ മാസങ്ങൾ നീണ്ട സംഘർഷവും നടന്നു. ഇരു രാജ്യങ്ങളും പ്രദേശത്ത് കൂടുതൽ സൈന്യത്തെ എത്തിച്ചുവെങ്കിലും ചർച്ചകൾക്ക് ശേഷം പ്രശ്നം പരിഹരിക്കുകയായിരുന്നു.















