ന്യൂഡൽഹി: നാകുല അതിർത്തിയിൽ ഇന്ത്യ- ചൈന സൈനികർ തമ്മിൽ നടന്ന സംഘർഷത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പട്രോളിംഗിനിടെ ഇത് ഇന്ത്യയുടെ സ്ഥലമല്ല പുറത്തു പോകണമെന്ന് ഇന്ത്യൻ സൈനിക സംഘത്തോട് ചൈനീസ് സംഘം പറഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.
അസം റെജിമെന്റിൽ കേണലായി വിരമിച്ച മുൻ സൈനിക ഉദ്യോഗസ്ഥന്റെ മകനായിരുന്നു ഇന്ത്യൻ പട്രോളിംഗ് സംഘത്തെ നയിച്ചത്. ഇത് ഇന്ത്യയുടെ സ്ഥലമല്ലെന്നും നിങ്ങൾ പൊയ്‌ക്കോണമെന്നും ധിക്കാര സ്വരത്തിൽ പറഞ്ഞ ചൈനീസ് മേജർ കയ്യേറ്റത്തിനു വന്നപ്പോഴാണ് ഇന്ത്യയുടെ ലെഫ്റ്റനന്റ് പ്രതികരിച്ചത്. ലെഫ്റ്റനന്റിന്റെ ഇടി മേജറുടെ മൂക്കിനാണേറ്റത്. ഇടികൊണ്ട ചൈനീസ് മേജർ താഴെ വീണെന്നും ഇയാളുടെ നെയിം പ്ലേറ്റും സൈനിക മുദ്രകളും ഇളകിയെന്നുമാണ് റിപ്പോർട്ട്.
മേജറെ അടിച്ച ഇന്ത്യൻ സൈനികൻ ഹീറോ ആയെങ്കിലും ഇദ്ദേഹത്തെ തത്കാലത്തേക്ക് അതിർത്തിയിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെട്ട് നിലവിൽ വിഷയം പരിഹരിച്ചിട്ടുണ്ട്. എന്നാൽ മേജറെ ഒരു ഇന്ത്യൻ സൈനികൻ തല്ലിയത് ചൈനീസ് സൈന്യത്തിന് നാണക്കേടായെന്നാണ് റിപ്പോർട്ടുകൾ.
ആയുധശേഷിയും സാങ്കേതിക വിദ്യയുമൊക്കെ കൂടുതലായിരുന്നാലും നേരിട്ടുള്ള തല്ലിലും ദേശസ്നേഹത്തിലും ധൈര്യത്തിലും ഇന്ത്യൻ സൈനികരെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ലെഫ്റ്റനന്റിന്റെ അച്ഛനായ കേണൽ പ്രതികരിച്ചു. തത്കാലം സംഘർഷം ലഘൂകരിക്കുന്നതാണ് പ്രധാനമെന്നതിനാൽ മാദ്ധ്യമങ്ങളിൽ മകന്റെ പേരു വലിച്ചിഴയ്‌ക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.















