തിരുവനന്തപുരം: മേല്‍വിലാസത്തില്‍ തിരിമറി കാണിച്ച് തമിഴ്നാട്ടില്‍ നിന്നും ആളുകള്‍ ഇഞ്ചിവിള അതിര്‍ത്തി കടത്തുന്നതായി കണ്ടെത്തല്‍. ക്രമക്കേട് ആവര്‍ത്തിക്കാതിരിക്കാന്‍ വിശദമായ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
ഇഞ്ചിവിള അതിര്‍ത്തിയിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തേക്ക് വ്യാജ വിലാസങ്ങളിലുള്ള പാസുമായി ആളുകളെത്തിയിരുന്നു. വിലാസം വ്യാജമാണെന്ന് തദ്ദേശ സ്ഥാപനങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്ശനമാക്കിയിരിക്കുകയാണെങ്കിലും അനധികൃതമായി ആളുകള്‍ അതിര്‍ത്തി കടന്ന് എത്തുന്നത് നേരത്തെ തന്നെ പതിവായിരുന്നു. ഊടുവഴികളിലൂടെ നിരവധി പേര് സംസ്ഥാനത്ത് എത്തിയിരുന്നു. വാഹനങ്ങളില്‍ എത്തി അതിര്‍ത്തി മേഖലയിലൂടെ നടന്നു കയറി മറ്റ് വാഹനങ്ങളില്‍ കയറി പോകുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രേഖകള്‍ കൃത്യമായി പരിശോധിച്ച ശേഷമാണ് അതിര്‍ത്തി കടത്തി വിടുന്നതെന്ന് ആവര്‍ത്തിക്കുമ്പോഴും ക്രമക്കേടുകള്‍ പുറത്തുവരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധനകള്‍ നടത്താനാണ് അധികൃതരുടെ തീരുമാനം.