കാസര്‍കോട്: ചക്ക തലയില്‍ വീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച കാസര്‍കോട് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ കാസര്‍കോട്. ഇയാളെ ചികില്‍സിച്ച കാസര്‍ഗോഡ് ജനറല്‍ ആശുപത്രി, പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ജീവനക്കാരോട് ഏഴ് ദിവസം ക്വാറന്റൈനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി.
ഇയാള്‍ വിദേശത്ത് പോകുകയോ രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.കഴിഞ്ഞ 19 നാണ് സംഭവം നടന്നത്. ചക്ക പറിക്കുന്നതിനിടയില്‍ ചക്ക തലയില്‍ വീണ് കഴുത്തിലെ രണ്ട് കശേരുക്കള് ഒടിഞ്ഞാണ് ഗുരുതരാവസ്ഥയില്‍ കാസര്‍കോട് സ്വദേശിയായ 43 കാരനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കയ്യും കാലും തളര്‍ന്ന നിലയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാള്‍ക്ക് അടിയന്തിര ശസ്ത്രക്രിയ നിശ്ചയിക്കുകയും അതിന്റെ ഭാഗമായി പരിശോധനകള്‍ നടത്തുകയും ചെയ്തു.
ശസ്ത്രക്രിയ നടത്തുന്ന എല്ലാ രോഗികള്‍ക്കും കൊറോണ പരിശോധന നടത്താന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചിരുന്നതിനാലും ഇയാള്‍ കാസര്‍കോട് നിന്ന് വന്നയാളായതിനാലും കൊറോണ പരിശോധന കൂടി നടത്തിയിരുന്നു. കഴിഞ്ഞ ദിവസം റിസള്‍ട്ട് വന്നപ്പോഴാണ് ഇദ്ദേഹത്തിന് കൊറോണ രോഗം ബാധിച്ചിരിക്കുന്നതായി വ്യക്തമായത്.
വിദേശത്ത് പോകുകയോ വിദേശത്ത് നിന്ന് വന്ന ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യാത്ത ഇദ്ദേഹത്തിന് കൊറോണ ബാധിച്ചത് ബന്ധുക്കളേയും നാട്ടുകാരേയും ആരോഗ്യ പ്രവര്‍ത്തകരേയും ഞെട്ടിച്ചിരിക്കയാണ്. ആശുപത്രിയിലെത്തിച്ചവരും പരിശോധനകള്‍ നടത്തിയ ആരോഗ്യപ്രവര്‍ത്തരും ഉള്‍പ്പെടെ രോഗഭീതിയിലായിരിക്കയാണിപ്പോള്. ഇയാളെ പരിചരിച്ചവരുള്‍പ്പെടെ നാല്പതിലേറെ പേരുടെ സ്രവം പരിശോധനകള്‍ക്കായി ശേഖരിച്ചിട്ടുണ്ട്.
നട്ടെല്ലിന് കാര്യമായ തകരാറ് സംഭവിച്ച ഇദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ശസ്ത്രക്രിയ നടക്കുകയാണെങ്കില്‍ ആവശ്യമായ പ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിവരും. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്.