തിരുവനന്തപുരം: സംസ്ഥാനത്ത് റെയില്‍വെ കൂടുതല്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറക്കുന്നു. 9 സ്റ്റേഷനുകളില്‍ കൂടുതലായി തുറന്ന കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ആലപ്പുഴ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം സ്റ്റേഷനുകളിലാണ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ ആരംഭിക്കുന്നത്.തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളിലെ കൗണ്ടറുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുമെന്നും റെയില്‍വേ അറിയിച്ചു. പ്രത്യേക ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകള്‍ ഈ കൗണ്ടറുകളില്‍ നിന്ന് ലഭിക്കും.
റദ്ദാക്കിയ ടിക്കറ്റുകളുടെ തുക തിരികെ നല്കുന്ന സേവനവും കൗണ്ടറുകളിലുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. ദക്ഷിണ റെയില്‍വേ ആദ്യഘട്ടത്തില്‍ ചെന്നൈ സെന്‍ട്രല്‍, തിരുവനന്തപുരം, എറണാകുളം ജംങ്ഷന്, കോഴിക്കോട്, മംഗളൂരു റെയില്‍വേ സ്റ്റേഷനുകളിലാണ് കൗണ്ടര്‍ തുറന്നത്.
കേരളത്തില്‍ രണ്ട് ജനശതാബ്ദി ട്രെയിനുകളും മൂന്ന് സംസ്ഥാനാന്തര ദീര്‍ഘദൂര ട്രെയിനുകളും ജൂണ്‍ ഒന്നു മുതല്‍ ഓടിത്തുടങ്ങുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.