ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്നത്തില്‍ അമേരിക്കയുടെ ഇടപെടലിനായി ട്രംപുമായി ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിച്ചിട്ടേയില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി അവസാനമായി സംസാരിച്ചത് കൊറോണ വിഷയത്തില്‍ ഏപ്രില്‍ നാലിനായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ സേനാവിഭാഗങ്ങളും ചൈനയുടെ സേനാ തലവന്മാരും നയതന്ത്രപ്രതിനിധികളും തമ്മില്‍ വിഷയത്തില്‍ ധാരണയായെന്നും വിഷയങ്ങള്‍ പരിഹരിക്കാനുള്ള ശക്തമായ സംവിധാനം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
ചൈന ഇന്ത്യക്കെതിരെ നീങ്ങുന്ന ഏതു സാഹചര്യവും ഇല്ലാതാക്കാന്‍ മോദിക്കൊപ്പം നില്‍ക്കുമെന്ന് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കും ട്വിറ്റിനും പിറകേയാണ് ഇന്ത്യയുടെ മറുപടി വന്നിരിക്കുന്നത്. ഇന്ത്യയുടെ സമ്മര്‍ദ്ദം കുറയക്കേണ്ടത് തന്റെ കടമയാണെന്ന് പറഞ്ഞ ട്രംപ് ഇന്ത്യയുടെ അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കുന്ന ചൈനയുടെ നീക്കത്തിനെതിരെ മോദിയെ സഹായിക്കേണ്ടത് ഒരു സുഹൃത്തെന്ന നിലയിലുള്ള തന്റെ കടമയാണെന്നും വാര്‍ത്താസമ്മേളനത്തിനിടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു.
#WATCH "We have a big conflict going on between India & China, 2 countries with 1.4 billion people & very powerful militaries. India is not happy & probably China is not happy, I did speak to PM Modi, he is not in a good mood about what's going on with China": US President Trump pic.twitter.com/1Juu3J2IQK
— ANI (@ANI) May 28, 2020
‘നിലവിലെ പരിതസ്ഥിതി അത്ര നല്ലതല്ല. ഇന്ത്യയും ചൈനയും തമ്മില്‍ കടുത്ത സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ പാടില്ല. ഇന്ത്യ എന്നെ വല്ലാതെ ഇഷ്ടപ്പെടുന്നു. സ്വന്തം രാജ്യത്തെ മാദ്ധ്യമങ്ങള്‍ ഇഷ്ടപ്പെടുന്നതിനേക്കാള്‍ താന്‍ ഇന്ത്യയിലെത്തുന്നത് കാണാനാണ് അവര്‍ക്കിഷ്ടം. തനിക്ക് മോദിയെ ഏറെ ഇഷ്ടമാണ്. നിങ്ങളുടെ പ്രധാനമന്ത്രിയെ താന്‍ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹം ഏറ്റവും മാന്യനായ വ്യക്തിയാണ്’ ട്രംപ് വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയോടുള്ള താല്പര്യം പ്രകടമാക്കിയത്.
‘ ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘര്‍ത്തിലേക്ക് നീങ്ങുകയാണ്. ഇരു രാജ്യങ്ങളും 140 കോടി ജനങ്ങളുള്ള വലിയ രാജ്യങ്ങളാണ്. ഇന്ത്യ ഒട്ടും സന്തോഷത്തിലല്ല അതുപോലെ ചൈനയും’ ട്വിറ്ററിലൂടെയും ട്രംപ് തന്റെ ആശങ്ക വ്യക്തമാക്കി.
‘ താന്‍ മോദിയുമായി വിഷയങ്ങള്‍ പങ്കുവച്ചു. അതിര്‍ത്തി വിഷയത്തില്‍ മോദി ഒട്ടും സന്തുഷ്ടനല്ല. ഇരുരാജ്യങ്ങളും ഉചിതമെന്ന് കണ്ടാല്‍ താന്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ്. താനത് നിര്‍വ്വഹിക്കുകയും ചെയ്യും’ അതിര്‍ത്തിയിലെ വിഷയങ്ങള്‍ അത്ര രൂക്ഷമല്ലെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നുമുള്ള ചൈനയുടെ മറുപടിക്ക് പിന്നാലെയാണ് ട്രംപ് പ്രസ്താവന നടത്തിയത്.