കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വാല്‍പ്പാറയില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ ഷായ്ക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സഫര്‍ ഷാ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തമിഴ്നാട് അതിര്‍ത്തിയിലെ വാല്‍പ്പാറയില്‍ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. പിതാവിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഏറെ സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
കേസില്‍ കുറ്റപത്രം നല്‍കിയില്ലെന്നാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്. പ്രതിഭാഗത്തിന്റെ ഈ വാദം പ്രോസിക്യൂഷനും ശരിവെച്ചു. ഇതേ തുടര്‍ന്നാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതെന്നാണ് സൂചന.
കേസില്‍ കുറ്റപത്രം വൈകിയതിനെതിരെ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, കേസില്‍ 90 ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു എന്നതാണ് മറ്റൊരു വസ്തുത.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസായിരുന്നു ഇത്.ജനുവരി എട്ടാം തീയതിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സഫര്‍ ഷാ അറസ്റ്റിലാകുന്നത്. കേസില്‍ 90 ദിവസം പൂര്‍ത്തിയാകുന്ന ഏപ്രില്‍ എട്ടിന് മുമ്പ് തന്നെ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഹൈക്കോടതിയില്‍ പ്രതിഭാഗം മറച്ചുവെച്ചപ്പോള്‍ പ്രോസിക്യൂഷനും അതിനെ പിന്തുണയ്ക്കുകയായിരുന്നു. അതേസമയം, പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് പോലീസിന്റെ തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങള്‍ പോലീസ് ആരംഭിച്ചുകഴിഞ്ഞു.