ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കൂടുതല്‍ കാര്‍ ബോംബ് ആക്രമണങ്ങള്‍ക്ക് ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദാണ് വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നത്. കശ്മീരിലെ മൂന്നിടങ്ങളിലാണ് ആക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
നൗഗാം, ശ്രീനഗര്‍, കുല്‍ഗാം എന്നീ പ്രദേശങ്ങളാണ് ഭീകരര്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടങ്ങളിലെ സുരക്ഷാ സേനക്ക് നേരെ കാര്‍ ബോംബ് ആക്രമണത്തിനാണ് ഭീകരര്‍ തയ്യാറെടുക്കുന്നത്. ഇതിനു പുറമെ, ഷോപ്പിയാനില്‍ ഡ്യൂട്ടിയിലുള്ള സുരക്ഷാ സേന ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാനും ഭീകരര്‍ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജന്‍സ് അറിയിച്ചു.
എന്നാല്‍, കഴിഞ്ഞ കുറേ ദിവസങ്ങളായി നിരവധി ഭീകരരെ സൈന്യം വധിച്ചത് ജയ്ഷെ മുഹമ്മദിനെ പ്രതിരോധത്തിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനു പുറമെ, ദിവസങ്ങള്‍ക്ക് മുന്‍പ് പുല്‍വാമയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉദ്യോഗസ്ഥര്‍ കണ്ടെത്തി നിര്‍വീര്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ രീതിയില്‍ വീണ്ടും ആക്രമണം നടത്താന്‍ ഭീകരര്‍ ആസൂത്രണം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.