തിരുവനന്തപുരം: കേരളത്തില്‍ ബലാത്സംഗ കേസുകള്‍ പെരുകുന്നുവെന്ന് റിപ്പോര്‍ട്ട്. സ്ത്രീസമത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ‘വനിതാ മതിലുകള്‍’കെട്ടിപ്പൊക്കിയിട്ടും സംസ്ഥാനത്ത് ഒരു വര്‍ഷം ശരാശരി 1400ല്‍ അധികം ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പത്ത് വര്‍ഷത്തിനിടെ ബലാത്സംഗ കേസുകള്‍ മൂന്ന് ഇരട്ടിയായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്. 2010 മുതല്‍ 2019 വരെ ഓരോ വര്‍ഷവും ബലാത്സംഗകേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. 2010 ല്‍ 617 ബലാത്സംഗകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് 2019 ആയപ്പോഴേക്കും 2076 ആയി ഉയര്‍ന്നിരുന്നു. പത്ത് വര്‍ഷത്തിനിടയില്‍45,046 ലൈംഗികാതിക്രമക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളുടെ എണ്ണത്തിലും വര്‍ഷം തോറും വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്.
സ്ത്രീകളെ തട്ടിക്കൊണ്ട് പോകല്‍ തടഞ്ഞ് വെയ്ക്കല്‍ തുടങ്ങിയ 1777 സംഭവങ്ങളാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് കൂടാതെ സ്ത്രീകളെ പിന്തുടര്ന്ന് ശല്യം ചെയ്യല്‍, സ്ത്രീധന മരണം, ഭര്‍തൃ,ബന്ധു പീഡനം, സ്ത്രീകള്‍ക്ക് എതിരെയുള്ള മറ്റ് കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയും വര്‍ദ്ധിച്ചിട്ടുണ്ട്.