കാഠ്മണ്ഡു: ഇന്ത്യയുടെ ഭാഗമായ സ്ഥലങ്ങളെ ചേര്‍ത്തുകൊണ്ടുള്ള പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റില്‍ ഇന്ന് ഭേദഗതിക്കായി വെയ്ക്കും. ഭരണഘടനാ ഭേദഗതിക്കായാണ് ഭൂപടത്തിലെ മാറ്റങ്ങള്‍ പാര്‍ലമെന്റിന് മുന്നില്‍ വയ്ക്കുന്നത്. കഴിഞ്ഞ മാസം 31ന് ഭേദഗതിക്കായുള്ള ബില്ല് നേപ്പാള്‍ നിയമകാര്യമന്ത്രി ശിവ്മായാ തുംബാഹാങ്പേയാണ് സഭയില്‍ വച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയായി രേഖപ്പെടുത്തിയിട്ടുള്ള നാല് പ്രദേശങ്ങളെയാണ് കഴിഞ്ഞ മാസം നേപ്പാള്‍ സ്വന്തമാണെന്ന തരത്തില്‍ രേഖപ്പെടുത്തിയത്. വിഷയത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിക്കുകയും കരസേനാ മേധാവി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
അതിര്‍ത്തിയിലെ കാലാപാനി, ലിപൂലേക്, ലിംപിയാധുരാ എന്നീ പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന ശക്തമായ വാദമാണ് നേപ്പാള്‍ ഉന്നയിച്ചത്. നേപ്പാള്‍ ഭരണഘടന ഷെഡ്യൂള്‍ 3 ലാണ് അതിര്‍ത്തി സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നിലൊന്ന് ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമാണ് ഭേദഗതി അംഗീകരിക്കപ്പെടുകയുള്ളു. നിലവില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 174 അംഗങ്ങളാണുള്ളത്. പ്രതിപക്ഷമായ നേപ്പാള്‍ കോണ്‍ഗ്രസ്സിന് ആകെയുള്ളത് 63 സീറ്റുകള്‍ മാത്രമാണ്.