കറാച്ചി: ഇന്ത്യന്‍ മണ്ണിലെ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്ക് പകരക്കാരില്ലെന്ന് മുന്‍ പാകിസ്താന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. ഗവാസ്‌ക്കറിനും സച്ചിനും പകരമല്ല വിരാട് കോഹ്‌ലിയെന്നും മിയാന്‍ദാദ് പറഞ്ഞു. ഓരോ കാലഘട്ടത്തിലെ താരങ്ങളെ പുതിയ തലമുറയുമായി താരതമ്യം ചെയ്യുന്നതിലര്‍ത്ഥമില്ല. അതാതു സമയത്തെ സാഹചര്യങ്ങളാണ് ഓരോ താരത്തേയും ഇതിഹാസങ്ങളാക്കി മാറ്റുന്നതെന്നും മിയാന്‍ദാദ് പറഞ്ഞു.
1970 കളില്‍ സുനില്‍ ഗവാസ്‌ക്കറെപ്പോലൊരു ബാറ്റ്‌സ്മാനെ കിട്ടാന്‍ എല്ലാ ടീമുകളും കൊതിച്ചിട്ടുണ്ട്. അത്രയേറെ സ്വാധീനം ക്രിക്കറ്റ് ആരാധകരിലുണ്ടാക്കിയ ഏറ്റവും മികച്ച സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. 1987ല്‍ ഗവാസ്‌ക്കര്‍ പിന്മാറിയതോടെ കാണികള്‍ നിരാശരായി. എന്നാല്‍ ഏതാനും വര്‍ഷം കഴിഞ്ഞതോടെ സച്ചിന്‍ രംഗത്തെത്തി. 1990കളോടെ സച്ചിന്‍ ലോകക്രിക്കറ്റിലെ തന്റെ സാന്നിധ്യം ഉറപ്പിച്ചു. ഇന്നിതാ 2013ല്‍ സച്ചിനും മാറി. എന്നാല്‍ ഇന്ത്യക്ക് വിരാട് കോഹ്‌ലി എന്ന മികച്ച സ്‌ട്രോക് പ്ലെയറെ ലഭിച്ചിരിക്കുന്നു. ഇത് ഓരോ കാലത്തും ലഭിക്കുന്ന നേട്ടങ്ങളാണെന്നും മിയാന്‍ദാദ് പറഞ്ഞു. പഴയകാലത്ത് റണ്‍സ് നേടാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും ഇന്ന് മൈതാനത്തെ സൗകര്യങ്ങളും ഉപകരണങ്ങളുടേയും പരിശീലനത്തിന്റേയും മികവ് അത് നികത്തിയെന്നും മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു.















