ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് സംഭാവന തുക മോഷ്ടിച്ച സംഭവത്തിൽ സമാജ്‌വാദി പാർട്ടിയ്‌ക്ക് പങ്കുണ്ടെന്ന് സൂചന. കേസിലെ പ്രതിയായ ടിന്നു യാദവും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഏകദേശം 980 തവണ ഫോണിൽ സംസാരിച്ചെന്നാണ് റിപ്പോർട്ട്. വഴിപാടുകൾ നഷ്ടമായ വിവരം പുറത്തുവന്ന ദിവസവും ഇരുവരും മൂന്ന് തവണ ഫോണിൽ സംസാരിച്ചിരുന്നു.
ബിജെപി ദേശീയ വക്താവ് അജയ് അലോകും സമാജ് വാദി പാർട്ടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടിയുടെ പ്രവർത്തനങ്ങളുടെ യഥാർഥ മുഖം അന്വേഷണത്തിലൂടെ പുറത്തുവരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടിന്നു യാദവും അഖിലേഷ് യാദവും തമ്മിലുള്ള നിരന്തര ഫോൺബന്ധം നിരവധി സംശയങ്ങൾക്ക് വഴിവെക്കുന്നതാണെന്നും, അന്വേഷണം പൂർത്തിയാകുമ്പോൾ കേസിന്റെ പൂർണചിത്രം രാജ്യത്തിന് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
വഴിപാടുതട്ടിപ്പ് ആരുടെ നിർദേശപ്രകാരമാണ് നടന്നത്, ഇതിന് പിന്നിൽ മറ്റാർക്കെല്ലാം പങ്കുണ്ട് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും അജയ് അലോക് ചൂണ്ടിക്കാട്ടി.
ടിന്നു യാദവും അഖിലേഷ് യാദവും തമ്മിലുള്ള ഫോൺവിളികളുടെ വിശദാംശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാമക്ഷേത്രത്തിലെ വഴിപാടുകൾ തട്ടിയെടുത്ത കേസിൽ അന്വേഷണം തുടരുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.















