ഫുട്‌ബോള്‍ ലോകത്ത് എന്നും നിലനില്‍ക്കുന്ന, ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമുണ്ട്. ലയണല്‍ മെസിയോ ക്രിസ്ത്യാനോ റൊണാള്‍ഡോയോ? ആരാണ് കേമന്‍? ആരാണ് എക്കാലത്തേയും മികച്ച താരം? വാദപ്രതിവാദങ്ങളും സംവാദങ്ങളും മുറുകുന്ന ചോദ്യമാണിത്. എന്നാല്‍ കണക്കുകള്‍ നിരത്തി മികച്ച താരത്തെ കണ്ടെത്തിയിരിക്കുകയാണ് സൂപ്പര്‍ കംപ്യൂട്ടര്‍.
പ്രൊഫ. ജെസ്സി ഡേവിസും മറ്റ് ഡേറ്റ വിദഗ്ധന്‍മാരും സൂപ്പര്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ കൃത്യമായ കണക്കുകള്‍ നിരത്തിയാണ് ഉത്തരത്തെ സാധൂകരിക്കുന്നത്. ഒരു കളിയില്‍ തന്നെ ഇരു താരങ്ങളും പുറത്തെടുക്കുന്ന 1600 വ്യത്യസ്ത തരം കളി ശൈലിയും ചലങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് നിരീക്ഷണം. ഇതിനു പുറമെ, ഒരു കളിക്കാരനെ മികച്ച താരമാക്കി മാറ്റുന്നത് ഗോളുകളും അസിസ്റ്റുകളുമാണെന്ന് ജെസ്സി ഡേവിസ് നിരീക്ഷിക്കുന്നു.
ഒരു ഗോള്‍ എന്നാല്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഗോളിലേക്ക് എത്തുന്നതിനു മുന്‍പുള്ള കുറിയ പാസുകള്‍, ഡ്രിബിളുകള്‍, ടാക്കിളുകള്‍ എന്നിവ പ്രധാനമാണ്. അതിനാല്‍ തന്നെ മെസിയേയും റൊണാള്‍ഡോയേയും താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണെന്ന് ഡേവിസ് നിരീക്ഷിച്ചു.
എന്നാല്‍ ഉത്തരം കണ്ടെത്താനായി, മെസിയും റൊണാള്‍ഡോയും ഒരേ ലീഗില്‍ കളിച്ച കാലഘട്ടത്തെയാണ് വിലയിരുത്തലിനായി ഉപയോഗിച്ചിരിക്കുന്നത്. 2013-14 സീസണ്‍ മുതല്‍ 2017-18 സീസണ്‍ വരെയാണ് ഇരുവരും ഒരേ ലീഗില്‍ കളിച്ചത്. മെസി ബാഴ്‌സലോണയിലും റൊണാള്‍ഡോ റയല്‍ മാഡ്രിഡിലും. ഇക്കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയാണ് മികച്ച താരമെന്നാണ് സൂപ്പര്‍ കംപ്യൂട്ടറിന്റെ കണ്ടെത്തല്‍. മെസിക്ക് 1.21 പോയിന്റുകള്‍(വിഎഇപി) ലഭിച്ചപ്പോള്‍ റൊണാള്‍ഡോക്ക് 0.61 പോയിന്റുകളാണ് ലഭിച്ചത്. കൃത്യമായി പറഞ്ഞാല്‍ നേർ പകുതി മാത്രം.
ആരംഭ കാലത്ത് മെസിയും റൊണാള്‍ഡോയും തുല്യരായിരുന്നെങ്കിലും 2015-16 സീസണില്‍ മെസി റൊണാള്‍ഡോയെ ബഹുദൂരം പിന്നിലാക്കിയെന്ന് ഡേറ്റ വിദഗ്ധരില്‍ ഒരാളായ ടോം ഡിക്രൂസ് അഭിപ്രായപ്പെട്ടു. റൊണാള്‍ഡോയും ഹാരി കെയ്‌നും മുഹമ്മദ് സാലയും സമാനമായ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ഇവരെല്ലാം മികച്ച സ്‌ട്രൈക്കര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മെസി വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ ചെറിയ നീക്കങ്ങള്‍ക്കു പോലും മത്സരത്തിന്റെ ഗതി നിര്‍ണയിക്കാന്‍ കഴിയും. മെസിയോ റൊണാള്‍ഡോയോ എന്ന ചോദ്യത്തിന് ഉത്തരം മെസി എന്നാണെന്നും അദ്ദേഹം റൊണാള്‍ഡോയേക്കാള്‍ ഏറെ മുന്നിലാണെന്നും ടോം ഡിക്രൂസ് വ്യക്തമാക്കി.















