മാഡ്രിഡ്: കൊറോണ വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. മൂന്നുമാസത്തിനുശേഷം സ്‌പെയ്‌നിൽ കളിയാരവം പുനരാരംഭിച്ചതിന്റെ ആഘോഷം ജയത്തോടെയാണ് സെവിയ്യ നടത്തിയത്. റയൽ ബെറ്റിസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് സെവിയ ജയം സ്വന്തമാക്കിയത്.
സ്പാനിഷ് ലാലിഗയിൽ ആരാധകർ കാത്തിരുന്ന മത്സരം ഇന്നാണ്. സൂപ്പർ താരം ലയണൽ മെസിയും സംഘവും ഇന്നിറങ്ങുന്നുണ്ട്. നിലവിലെ ചാമ്പ്യൻമാരായ ബാഴ്സയുടെ എതിരാളികൾ റയൽ മയ്യോർക്കയാണ്. റയൽ മാഡ്രിഡിന് നാളെ മത്സരമുണ്ട്. ഐബറാണ് റയലിന്റെ എതിരാളി.
കൊറോണ വ്യാപനത്തെ തുടർന്ന് മാർച്ച് പത്തിനായിരുന്നു സ്പെയിനിൽ മത്സരങ്ങൾ നിർത്തിവച്ചത്. കാണികൾക്ക് പ്രവേശനമില്ലാതെ, കർശന നിയന്ത്രണങ്ങളോടെയാണ് ലീഗ് പുനരാരംഭിച്ചത്.















