കറാച്ചി: ലോക ക്രിക്കറ്റില്‍ എതിരാളികള്‍ പേടിക്കുന്ന ഇന്ത്യന്‍ താരം ഒരാളെയുളളുവെന്ന് വെളിപ്പെടുത്തി പാകിസ്താന്‍ താരം. ഒരേയൊരു താരത്തെ പുറത്താക്കിയാല്‍ ടീം ഇന്ത്യയെ പുറത്താക്കുന്നതിന് തുല്യമാണെന്നാണ് സഖ്‌ലെയ്ന്‍ മുഷ്താഖ് പറയുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്കെതിരെയാണ് ടീമുകള്‍ ഏറ്റവും അധികം തയ്യാറെടുപ്പുകള്‍ നടത്തുന്ന തെന്നാണ് പാക് താരം പറയുന്നത്.
ഇന്ത്യക്കെതിരെ കളിക്കാനായി ഓസ്‌ട്രേലിയ നടത്തിയതയ്യാറെടുപ്പില്‍ ഏറ്റവുമധികം അവര്‍ കണ്ട വീഡിയോ വിരാട് കോഹ്‌ലി എന്ന ബാറ്റ്‌സ്മാന്റെ ശൈലികളായിരുന്നുവെന്നാണ് മുഷ്താഖ് ചൂണ്ടിക്കാണിക്കുന്നത്. ഒരു ടീം എന്ന നിലയില്‍ ഏറ്റവും ശക്തര്‍ ഓസ്‌ട്രേലിയയാണ്. അവരുടെ പദ്ധതികളെന്നും എതിരാളിയെ മൊത്തമായി തകര്‍ക്കുന്നതായിരിക്കും. എന്നാല്‍ വിരാട് കോഹ് ലി എന്ന താരത്തിനോടുള്ള അവരുടെ സമീപനം എന്നും പരാജയപ്പെടാറാണ് പതിവെന്നും മുഷ്താഖ് പറയുന്നു. കോഹ്‌ലിയെ പരമാവധി പ്രകോപിപ്പിക്കാതിരിക്കാന്‍ അവര്‍ തന്ത്രം മെനഞ്ഞ അനുഭവമുണ്ടെന്നും മുഷ്താഖ് പറഞ്ഞു.
എല്ലാ മേഖലകളിലും ബാറ്റിംഗ് ശരാശരി 50ന് മുകളിലുള്ള ഏക താരം കോഹ് ലിയാണ്. അതിവേഗം റണ്‍സ് കയറ്റുന്ന കോഹ് ലി ബൗളര്‍മാരുടെ ആത്മവിശ്വാസം നിമിഷനേരം കൊണ്ടാണ് തകര്‍ത്തുകളയുക. ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാരായ മൊയീന്‍ അലിയോടും ആദില്‍ റഷീദിനോടും കോഹ്‌ലിയെ ശ്രദ്ധിക്കാനാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും മുഷ്താഖ് പറഞ്ഞു. ഇംഗ്ലണ്ട് ടീമിന്റെ സ്പിന്‍ ബൗളിംഗ് ഉപദേശകനായി സഖ്‌ലെയ്ന്‍ മുഷ്താഖ് ലോകകപ്പ് നേടും വരെ പ്രവര്‍ത്തിച്ചിരുന്നു.















