ലക്നൗ: കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തെ ഫീസ് വേണ്ടെന്ന് വെച്ച് ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്കൂള്‍. പ്രയാഗ് രാജിലെ സ്വകാര്യ സ്കൂളായ ന്യൂ സ്കോളര്‍ അക്കാദമി സ്കൂളാണ് മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ഫീസ് ഈടാക്കില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വ്യത്യസ്ത തരം ചുറ്റുപാടുകളിലുള്ള വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പഠിക്കുന്നുണ്ടെന്നും അതിനാല്‍ എല്ലാ രക്ഷിതാക്കള്‍ക്കും കുട്ടികളുടെ ഫീസ് അടക്കാന്‍ കഴിഞ്ഞെന്നു വരില്ലെന്നും പ്രിന്‍സിപ്പാള്‍ മമത മിശ്ര പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് ഇപ്പോള്‍ നടക്കുന്നത്. വാട്സ് ആപ്പിലൂടെയും യൂട്യൂബിലൂടെയും വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയും ക്ലാസുകളെടുക്കുകയും ചെയ്യുന്നതായി മമത മിശ്ര അറിയിച്ചു. ഫീസ് ഈടാക്കുന്നില്ലെങ്കിലും അദ്ധ്യാപകര്‍ക്കും മറ്റ് ജോലിക്കാര്‍ക്കും ശമ്പളം മുടങ്ങില്ലെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.