ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ ബാറ്റിംഗ് കരുത്ത് ഇന്ത്യ ഉപയോഗിച്ചില്ലെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ‘മഹേന്ദ്ര സിംഗ് ധോണി ഏകിദിനങ്ങളില്‍ സ്ഥിരമായി ആറാമതായി ഇറങ്ങിയിട്ടുപോലും 10,773 റണ്‍സ് അടിച്ചുകൂട്ടിയ താരമാണ്. അതും ശരാശരി 50ന് മുകളില്‍ നേടിക്കൊണ്ടായിരുന്നു റണ്‍സ് നേടിയിരുന്നത്. ധോണിയുടെ അതിവേഗ ത്തില്‍ റണ്‍സ് നേടാനുള്ള ഈ കഴിവിനെ ഇന്ത്യ വേണ്ടവിധം ഉപയോഗിച്ചില്ല. ധോണി മൂന്നാമതായി ഇറങ്ങണമായിരുന്നുവെന്ന് ഇന്ന് തോന്നുന്നു.’ഗംഭീര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യക്ക് രണ്ട് ലോകകിരീടങ്ങള്‍ നേടിത്തന്ന ഏക നായകനാണ് ധോണി. 2007ലെ ടി20 കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും ധോണിയുടെ നേതൃത്വത്തിന്റെ ഗുണമാണ്. എന്നാല്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ധോണിയുടെ കഴിവ് ഇന്ത്യക്ക് ഉപയോഗിക്കാ നായില്ലെന്നാണ് ഗംഭീറിന്റെ വിലയിരുത്തല്‍. ‘ റെക്കോഡുകളെ നമുക്ക് മറക്കാം. അതെല്ലാം തകര്‍ക്കപ്പെടാനുള്ളതാണ്. എന്നാല്‍ ധോണി മൂന്നാമതായി ബാറ്റ്‌ചെയ്ത് ശീലിച്ചിരുന്നെങ്കില്‍ ലോകക്രിക്കറ്റിന് തന്നെ ആവേശമായിമാറുമായിരുന്ന ഒരു ബാറ്റ്‌സ്മാനെ ലഭിക്കുമായിരുന്നു’ ഗംഭീര്‍ ഉറപ്പിച്ചു പറയുന്നു. ഒരു സമയത്ത് മൂന്നാമതായി ധോണി ഇറങ്ങിയ മത്സരങ്ങളിലെ ശരാശരി 82 ആയിരുന്നുവെന്നും ഗംഭീര്‍ ഓര്‍മ്മിപ്പിച്ചു. ഏതായാലും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന പേര് നേടാന്‍ ധോണിയ്‌ക്കായത് തന്നെ ആ അസാമാന്യ ബാറ്റിംഗ് കരുത്തിന്റെ തെളിവാണെന്നും ഗംഭീര്‍ പറഞ്ഞു.















