ന്യൂഡല്‍ഹി : 2020 ജൂണ്‍ 15. ഇന്ത്യയുടെ ചരിത്രത്തില്‍ മറക്കാനാകാത്ത ദിനം. അന്നാണ് 19 ബീഹാര്‍ റെജിമെന്റിലെ കേണല്‍ സന്തോഷ് ബാബുവുള്‍പ്പെടെ 20 സൈനികരെ രാജ്യത്തിന് നഷ്ടമായത്. എങ്കിലും ഇന്ത്യന്‍ മണ്ണിന് സമീപം ചൈനീസ് സൈന്യം സ്ഥാപിച്ച പോസ്റ്റ് വിജയകരമായി നീക്കം ചെയ്ത് ഭാരതത്തിന്റെ അതിര്‍ത്തി കാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞു.
ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ജൂണ്‍ 15 ന് വൈകീട്ട്
ഇന്ത്യന്‍ സൈന്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ഗാല്‍വന്‍ താഴ്വരയിലേക്ക് അയച്ചത്. താഴ്വരയിലെ ഇന്ത്യന്‍ പ്രദേശത്ത് സ്ഥാപിച്ച സൈനിക പോസ്റ്റ് ചൈനീസ് സൈന്യം നീക്കം ചെയ്തിരുന്നു. ഇത് പുനസ്ഥാപിക്കുന്നതിനായാണ് 16 ബീഹാര്‍ റെജിമെന്റിലെ ചെറിയ സംഘം ഉദ്യോഗസ്ഥരെ താഴ്വരയിലേക്ക് പട്രോളിംഗിനായി അയച്ചത്. എന്നാല്‍ പട്രോളിംഗിന് എത്തിയ ഉദ്യോഗസ്ഥരോട് തങ്ങള്‍ തിരികെപ്പോകില്ലെന്ന് ചൈനീസ് ലിബറേഷന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യം അറിയിക്കാനായി പട്രോളിംഗിനായി പോയ ഉദ്യോഗസ്ഥര്‍ തിരികെ ക്യാമ്പിലേക്ക് മടങ്ങി. ഏകദേശം പന്ത്രണ്ടോളം സൈനികര്‍ മാത്രമാണ് അന്നേരം ചൈനീസ് പോസ്റ്റില്‍ ഉണ്ടായിരുന്നത്.
പിന്‍വാങ്ങാന്‍ വിസമ്മതിച്ച ചൈനീസ് സൈന്യത്തോട് ചര്‍ച്ച നടത്താന്‍ പിന്നീട് ബീഹാര്‍ റെജിമെന്റ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബുവിന്റെ നേതൃത്വത്തില്‍ 50 അംഗ സംഘം ഗാല്‍വന്‍ താഴ്വരെയിലേക്ക്പുറപ്പെട്ടു. എന്നാല്‍ കേണല്‍ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തേക്ക് എത്തിയപ്പോഴേക്കും ആക്രമണത്തിന് ചൈനീസ് സൈന്യം സജ്ജമായിരുന്നു. രണ്ടാമത്തെ സംഘം എത്തുമ്പോഴേക്കും ഏകദേശം 350 ഓളം ചൈനീസ് സൈന്യം പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കുന്നതിനുള്ള കല്ലുകളും മാരാകായുധങ്ങളും അവരുടെ പക്കല്‍ ഉണ്ടായിരുന്നു. ഒരു ആസൂത്രിമായ ആക്രമണമാണ് ചൈനീസ് സൈന്യം ലക്ഷ്യമിട്ടത് എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ആക്രമണമാണ് ലക്ഷ്യമെന്ന് അറിഞ്ഞിട്ടും കേണല്‍ സന്തോഷ് ബാബുവിന്റ് നേതൃത്വത്തിലുള്ള സംഘം സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ ആരംഭിച്ചു. ഇന്ത്യന്‍ മണ്ണില്‍ നിന്നും എത്രയും വേഗം പിന്‍വാങ്ങണമെന്നും ചൈനീസ് സൈന്യത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴും ചൈനീസ് സൈന്യം പിന്‍വാങ്ങാന്‍ ഒരുക്കമല്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അതിര്‍ത്തി കയ്യേറി ചൈന സ്ഥാപിച്ച പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം നീക്കം ചെയ്യാന്‍ ആരംഭിച്ചു. ഇതില്‍ പ്രകോപിതരയായ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ ആക്രമിക്കാന്‍ ആരംഭിച്ചു. 16 ബീഹാര്‍ റെജിമെന്റിലെ ഹവീല്‍ ദാര്‍ പളനിയെയാണ് ആദ്യം ചൈനീസ് സൈന്യം ആക്രമിച്ചത്. പളനി താഴെ വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികര്‍ക്ക് നേരെ പ്രത്യാക്രമണം ആരംഭിച്ചു. ആയുധങ്ങള്‍ ഉപയോഗിച്ച് ചൈനീസ് സൈന്യം മുറിവേല്പ്പിക്കുമ്പോഴും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏകദേശം മൂന്ന് മണിക്കൂര്‍ നേരം പോരാട്ടം നീണ്ടു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ 100 ഓളം ചൈനീസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ മണ്ണിന് സമീപം ചൈന സ്ഥാപിച്ച പോസ്റ്റുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തതിന് ശേഷമാണ് ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയത്.