മിലാന്‍: ഇറ്റാലിയന്‍ ലീഗിലെ ആദ്യമത്സരത്തില്‍ യുവന്റസിന് ജയം. കൊറോണകാലത്തെ ആദ്യ ടൂര്‍ണ്ണമെന്റില്‍ കിരീടം നഷ്ടപ്പെട്ട തോല്‍വിയ്‌ക്ക് ലീഗ് മത്സരത്തിലെ ജയം തെല്ലൊരു ആശ്വസമായി. സീരി ഏയിലെ ആദ്യ മത്സരത്തില്‍ ബൊലോന്യേയെയാണ് യുവന്റസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് റോണോയും ടീമും കളം നിറഞ്ഞത്.
കളിയുടെ 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളാ ക്കിയത്. 36-ാം മിനിറ്റില്‍ ഡി ബാലയും യുവന്റസിനായി ഗോള്‍ നേടി. കൊറോണ കാലത്തെ ആദ്യ ഗോള്‍ നേട്ടത്തോടെ റൊണാള്‍ഡോയുടെ സീസണിലെ ആകെ ലീഗ് ഗോളുകള്‍ 22 ആയി.
കഴിഞ്ഞയാഴ്ചയാണ് കോപ്പാ ഇറ്റാലിയ ഫൈനലില്‍ ക്രിസ്റ്റ്യാനോ അടക്കം കളിച്ചിട്ടും യുവന്റസിനെതിരെ നാപ്പോളി കിരീടം ചൂടിയത്. നിലവിലെ സീരി ഏ ലീഗില്‍ 27 മത്സരങ്ങളിലായി 66 പോയിന്റുകളോടെ യുവന്റ്‌സ് തന്നെയാണ് ഒന്നാമതായത്. ലാസിയോ ആണ് ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ടീം.
ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ മിലാന്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ലെസ്സേയിനെ തകര്‍ത്തുവിട്ടു. രണ്ടാം മത്സരത്തില്‍ ഇന്റര്‍ മിലാന്‍ 2-1ന് സാംപദോറിയയെ മറികടന്നു. മൂന്നാം മത്സരത്തില്‍ ഫിയോറന്റീന ബ്രെസിയ മത്സരം സമനിലയിലാണ് കലാശിച്ചത്. ഇന്ന് രാത്രി തങ്ങളുടെ കൊറോണകാലത്തെ ആദ്യ ലീഗ് മത്സരത്തില്‍ കോപ്പാ ഇറ്റാലിയ ജേതാക്കളായ നാപ്പോളി വെറോനയെ നേരിടും.















